കിണറില്‍ അകപ്പെട്ടവരെ ഫയര്‍ ഫോഴ്സ് സംഘം രക്ഷപ്പെടുത്തി

നാദാപുരം: കിണര്‍ വൃത്തിയാക്കാനായി കിണറില്‍ ഇറങ്ങിയ യുൂവാക്കൾ കരക്ക് കയറാകാനാകാതെ കിണറില്‍ അകപ്പെട്ടു. ചേലക്കാട് നിന്നെത്തിയ ഫയര്‍ ഫോഴ്സ് സംഘം ഇവരെ രക്ഷപ്പെടുത്തി. ഇയ്യംകോട് ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടയാണ് സംഭവം. കുമ്മങ്കോട് വലിയ പീടികയില്‍ മഹഷൂഖ് (17), ചിറക്കല്‍ ഷഹീര്‍നാഫി (17) എന്നിവരാണ് കിണറില്‍ അകപ്പെട്ടത്.
ഇയ്യംകോട് താഴെ മേപ്പള്ളി അലീമയുടെ കിണര്‍ വൃത്തിയാക്കാന്‍ എത്തിയതായിരുന്നു ബന്ധുവായ മഹഷൂഖും സുഹൃത്തും. കിണറിലിറങ്ങി വൃത്തിയാക്കാന്‍ തുടങ്ങിയപ്പോഴേക്കും മഹഷൂഖിന് ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടു. ഇരുവര്‍ക്കും കരക്ക് കയറാന്‍ കഴിയാതായതോടെ ഫയര്‍ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.

അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫിസര്‍ ബിജുവിന്‍റെ നേതൃത്വത്തില്‍ ചേലക്കാട് നിന്ന് എത്തിയ ഫയര്‍ ഫോഴ്സ് യൂണിറ്റാണ് ഇവരെ രക്ഷപ്പെടുത്തിയത്. ലീഡിംഗ് ഫയര്‍മാന്മാരായ സദാനന്ദന്‍, പി. വിനോദന്‍, കെ.പി. ശ്രീനേഷ്, പി. ജിജിത്ത്, അഭിലാഷ്, വിനീത്, പി. മുരളിധരന്‍, സി. രഘുനാഥ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

