“ഓപ്പറേഷൻ റേസ്” വടകരയിൽ 12 പേർ പിടിയിൽ

വടകര: “ഓപ്പറേഷൻ റേസ്” വടകരയിൽ 12 പേർ പിടിയിൽ. ബൈക്കിൽ അതിവേഗത്തിൽ പറക്കുന്നവരെ വലയിലാക്കാൻ മോട്ടോർ വാഹന വകുപ്പ് നടത്തിയ ‘ഓപ്പറേഷൻ റേസി’ൽ വടകരയിൽ 12 പേർ പിടിയിലായി. 40,000 രൂപ പിഴ ഈടാക്കുകയും ഇവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്തു. ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദേശപ്രകാരമാണ് 22 മുതൽ ബൈക്കുകളുടെ പ്രത്യേക പരിശോധന നടക്കുന്നത്.

ബൈക്കുകളുടെ മത്സരയോട്ട വഴികൾ കേന്ദ്രീകരിച്ചാണ് മോട്ടോർവാഹനവകുപ്പ് പരിശോധന നടത്തുന്നത്. വാഹനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന അനധികൃത മാറ്റങ്ങൾ കണ്ടെത്തി 5000 രൂപ പിഴ ഈടാക്കും. റോഡ് നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് 9188961011 എന്ന നമ്പറിൽ വാട്സാപ്പ് മുഖേന വിവരം കൈമാറാമെന്നും ഇത്തരത്തിലുള്ള പരാതിയിൽ കർശന നടപടികൾ സ്വീകരിക്കുന്നതാണെന്നും ആർ.ടി.ഒ. അറിയിച്ചു.


