KOYILANDY DIARY

The Perfect News Portal

കോഴിക്കോട്‌ മുന്‍ മേയര്‍ എം ഭാസ്‌കരന്‍ അന്തരിച്ചു

കോഴിക്കോട്: കോഴിക്കോട് മുന്‍ മേയറും സി.പി.ഐ. എം നേതാവുമായ എം ഭാസ്കരന്‍ (80) അന്തരിച്ചു. കുറച്ചുകാലമായി അസുഖബാധിതനായിരുന്നു. ജില്ലാ സഹകരണ ആശുപത്രിയിലാണ് അന്ത്യം.

പ്രമുഖ സഹകാരിയായ ഭാസ്കരന്‍ കോഴിക്കോട് ജില്ലാ സഹകരണാശുപത്രി പ്രസിഡണ്ട്, കലിക്കറ്റ് ടൗണ്‍ സര്‍വീസ് സഹകരണബാങ്ക് എന്നിവയുടെ പ്രസിഡൻ്റായി പ്രവര്‍ത്തിച്ചു. റബ്കോ വൈസ് ചെയര്‍മാനുമായിരുന്നു. ദേശാഭിമാനിയില്‍ ദീര്‍ഘകാലം ജീവനക്കാരനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആദ്യം കപ്നോസിങ് വിഭാഗത്തിലും പിന്നീട് ക്ലറിക്കല്‍ ജീവനക്കാരനുമായി. മികച്ച സംഘാടകനായ അദ്ദേഹം ദീര്‍ഘകാലം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം, കോഴിക്കോട് നോര്‍ത്ത് ഏരിയാസെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

സിഐടിയു, ഹെഡ്ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍(സിഐടിയു) ജില്ലാപ്രസിഡന്റായിരുന്നു. കോര്‍പറേഷന്‍ പരിധിയിലും പരിസരത്തും സിപിഐ എം സ്വാധീനം വിപുലമാക്കാന്‍ നേതൃത്വമരുളി. നിലവില്‍ സിപിഐ എം ജില്ലാകമ്മിറ്റി അംഗമാണ്. നാലുതവണ കോര്‍പറേഷന്‍ കൗണ്‍സിലറായിരുന്നു. കോര്‍പറേഷന്‍ ആരോഗ്യ–വിദ്യാഭ്യാസ സ്റ്റാന്‍ഡിംങ് കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചു.

Advertisements

2005 മുതല്‍ അഞ്ചുവര്‍ഷം കോഴിക്കോട് മേയറായി. നായനാര്‍ മേല്‍പ്പാലം, അരയിടത്തുപാലം–എരഞ്ഞിപ്പാലം ബൈപാസ് എന്നിങ്ങനെ നഗരത്തിന്റെ മുഖച്ഛായ മാറ്റിയ വികസനപദ്ധതികള്‍ നടപ്പാക്കിയ നഗരഭരണാധിപനായിരുന്നു.

ഭാര്യ: പി എന്‍ സുമതി( റിട്ട:. അധ്യാപിക, കാരപ്പറമ്ബ് ആത്മ യുപി സ്കൂള്‍). മക്കള്‍ : സിന്ധു, വരുണ്‍ ( സിപിഐ എം കരുവിശ്ശേരി ലോക്കല്‍ കമ്മിറ്റി അംഗം). മരുമക്കള്‍: സഹദേവന്‍, സുമിത(യുഎല്‍സിസി).

Leave a Reply

Your email address will not be published. Required fields are marked *