KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭക്ക് അംഗീകാരം

കൊയിലാണ്ടി: ശുചിത്വ – മാലിന്യ സംസ്കരണ രംഗത്ത് മികവുറ്റ പ്രവർത്തനം  കാഴ്ചവെച്ചുകൊണ്ട് നഗരസഭക്ക് വീണ്ടും ശുചിത്വ പദവി പുരസ്ക്കാരം. കേരള സർക്കാറിന്റെ നവകേരള മിഷന്റെ ഭാഗമായി വൃത്തി, വെള്ളം, വിളവ് എന്നീ സന്ദേശമുയർത്തി കൊണ്ട് കേരളത്തിന്റെ ജനകീയ പ്രസ്ഥാനമായി മാറിയ ഹരിത കേരള മിഷന്റെ പിൻതുണയോടെ നഗരസഭയുടെ തനത് മാലിന്യ സംസ്കരണ പദ്ധതിയായ ക്ലീൻ & ഗ്രീൻ പദ്ധതിയുടെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങൾ  ശുചിത്വ – മാലിന്യ സംസക്കരണ രംഗത്ത് കേരളത്തിന് മാതൃകയാകാൻ നഗരസഭക്ക് കഴിഞ്ഞതായി ചെയർമാൻ.     

കേരളത്തിൽ ആദ്യം പ്ലാസ്റ്റിക് ക്യാരി ബാഗുകൾ നിരോധിച്ച നഗരസഭയാണ് കൊയിലാണ്ടി. ജൈവമാലിന്യ സംസ്കരണത്തിന്           “മണമില്ലാത്ത മാലിന്യ സംസക്കരണം, കൊയിലാണ്ടി മോഡൽ ” തുമ്പൂർമുഴി യൂണിറ്റുകൾ ഏറെ ശ്രദ്ധയാകർഷിക്കപ്പെട്ടു. നഗരമധ്യത്തിൽ ബസ് സ്റ്റാന്റിലും ടൗൺ ഹാളിലും മാർക്കറ്റിലും വിവിധ സ്ഥാപനങ്ങളിലും തുമ്പൂർമുഴി യൂണിറ്റുകൾ സ്ഥാപിച്ചു.        ബസ് സ്റ്റാന്റിലെ തുമ്പൂർമുഴിക്കടുത്ത് വൈകുന്നേരങ്ങളിൽ സാംസ്കാരിക പരിപാടികൾ നടത്താനുളള ഇടമാക്കി പൊതുജനം മാറ്റിയതോടെ തുമ്പൂർമുഴി മാലിന്യ സംസ്കരണത്തിന് വലിയ സ്വീകാര്യത ലഭിച്ചതായും ചെയർമാൻ പറഞ്ഞു.

മാലിന്യ സംസ്കരണത്തിന് അവിഭാജ്യ ഘടകമായ 100 അംഗ ഹരിത കർമസേന രൂപീകരിച്ചുകൊണ്ട് നാടിന്റെ എല്ലാ ഭാഗത്തും നഗരസഭയുടെ ശ്രദ്ധയെത്തി. വീടുകളിൽ നിന്നും കടകളില്‍ നിന്നും എല്ലാ മാസവും നിശ്ചിത സംഖ്യ വാങ്ങിച്ച് അജൈവ മാലിന്യം ശേഖരിക്കാൻ ഇവരെത്തിയതോടെ നഗരത്തിലെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി. ശേഖരിച്ച മാലിന്യങ്ങൾ സൂക്ഷിച്ച് വയ്ക്കാനും അവ തരം തിരിച്ച് കൈമാറാനുമായി മാർക്കറ്റിൽ വളരെ സൗകര്യത്തോടുകൂടി ഒരു എം സി എഫ് സ്ഥാപിക്കാൻ നഗരസഭയ്ക്ക് കഴിഞ്ഞു.

Advertisements

ജില്ലയിൽ ആദ്യമായി എം ആർ എഫ് സംവിധാനം ഒരുക്കിയ നഗരസഭയാണ്  കൊയിലാണ്ടിയെന്നും നഗരസഭയിലെ 80% വീടുകളിലും ഉറവിട മാലിന്യ സംസ്കരണ സംവിധാനങ്ങൾ വിതരണം ചെയ്തുവെന്നും ചെയർമാൻ കൂട്ടിച്ചേർത്തു.
കോഴി – അറവു മാലിന്യ പ്രശ്ന പരിഹാരത്തിനായി ഫ്രഷ് കട്ട് ഏജന്‍സിയുമായി സഹകരിച്ച് അറവു മാലിന്യത്തിന് പരിഹാരമുണ്ടാക്കി. നഗരസഭയിലെ ഹരിത കർമസേനയെ വരുമാനമുളള സംരംഭക ഗ്രൂപ്പൂകളാക്കി മാറ്റുന്നതിനും ബദൽ ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നതിനും കുടുംബശ്രീയുടെ നേതൃത്വത്തിൽ “സഹയോഗ്” എന്ന പേരിൽ തുണി സഞ്ചി നിർമാണ യൂണിറ്റും ജൈവവളം നിർമാണ യൂണിറ്റും ആരംഭിച്ചു.

പൊതു പരിപാടികൾ ഹരിത ചട്ടം പാലിച്ചു നടത്തുന്നതിനായി സ്റ്റീൽ പ്ലെയ്റ്റുകളും ഗ്ളാസുകളും ഹരിത കർമസേനയ്ക്ക് ലഭ്യമാക്കുകയും ചെയ്തു. നീർച്ചാലുകളുടെ സംരക്ഷണത്തിനും ശുചീകരണത്തിനുമായി ഹരിത കേരള മിഷൻ മുന്നോട്ടു വെച്ച ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ് “ഇനി ഞാനൊഴുകട്ടെ” ക്യാമ്പയിൻ. ജനപങ്കാളിത്തത്തോടെ നഗരസഭയിലെ വിവിധ തോടുകളും ഒപ്പം തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ എല്ലാ വാർഡിലേയും ഓരോ തോട് വീതവും പുനരുജ്ജീവിപ്പിക്കാനും മൂന്ന് ഘട്ടങ്ങളിലായി നടത്തിയ പ്രവർത്തനങ്ങളിലൂടെ സാധിച്ചു. “മിഷൻ തെളിനീർ, പദ്ധതിയിലൂടെ നഗരസഭയിലെ കുളങ്ങൾ ശുചീകരിച്ച് സംരക്ഷിച്ചു. കൊല്ലം ചിറ നവീകരണത്തിനും അതിന്റെ സംരക്ഷണത്തിനും പങ്കുവഹിക്കാൻ നഗരസഭക്ക് കഴിഞ്ഞു. 
44 വാർഡിലെയും കുട്ടികളെ പങ്കെടുപ്പിച്ചു അവരിൽ മാലിന്യ സംസ്കരണ സംവിധാനങ്ങളെക്കുറിച്ച് ബോധവാൻമാരാക്കാനായി പെൻസിൽ ക്യാമ്പയിൻ നടത്തി. ഹരിത നിയമാവലി ക്ലാസുകളിലൂടെ നഗരസഭയിലെ മുഴുവൻ ജനങ്ങളെയും അശാസ്ത്രീയ മാലിന്യ നിർമാർജ്ജനത്തിന്റെ പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ചും അവ ശാസ്ത്രീയമായി നിർമാർജ്ജനം ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അല്ലാത്ത പക്ഷം സ്വീകരിച്ചേക്കാവുന്ന നിയമനടപടികളെക്കുറിച്ചും ബോധവാന്മാരാക്കി. 
നഗരസൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ഓടകൾ പുനർ നിർമിക്കുന്നത് വഴി അഴുക്ക് വെളളത്തിന്റെ സുഗമമായ ഒഴുക്കിന് സഹായകമാകുന്നു. തെരുവോരങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനും വേസ്റ്റ് ഡംപിംഗ് സൈറ്റുകൾ സൗന്ദര്യവൽക്കരിക്കാനും  നഗരസഭയ്ക്ക് കഴിഞ്ഞു. നിശ്ചിത ഇടവേളകളിൽ നഗരസഭാ കൗൺസിലർമാർ, ശുചീകരണ തൊഴിലാളികൾ, വ്യാപാരികൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ, വിദ്യാർഥികൾ എന്നിവർ ചേർന്ന് നഗരം ശുചീകരിക്കുകയുണ്ടായി. നഗരത്തിലെ പ്രധാന ചുമരുകളിലെല്ലാം തന്നെ മാലിന്യ സംസ്കരണ – ഹരിതവൽക്കരണ – ജല സംരക്ഷണ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു. 

നഗരത്തിലെ ശൗചാലയങ്ങൾ മികച്ചതാക്കി മാറ്റുന്നതിനും ബസ് സ്റ്റാന്റിലും നഗരസഭയിലും കുട്ടികളുടെ പാർക്കിലും സ്ത്രീ സൗഹൃദ ശൗചാലയങ്ങൾ സ്ഥാപിച്ചതും മറ്റൊരു പ്രധാന ഘടകം തന്നെയാണ്. ഒപ്പം നഗരത്തിന്റെ നാനാ ഭാഗത്തും ബോട്ടിൽ കളക്ഷനായി മൈക്രോ എം.ആർ.എഫ്. മിനി എം.സി.ഫ് കൾ ബയോഡിഗ്രേഡബിൽ ബിന്നുകൾ എന്നിവ സ്ഥാപിക്കാനും കഴിഞ്ഞു. ജല സംരക്ഷണത്തിനായി “ജലം ജീവാമൃതം – ജലമാണ് ജീവൻ” എന്ന സന്ദേശം ഉയർത്തി കൊണ്ട് “ജലസഭ”കൾ സംഘടിപ്പിച്ചു. മാലിന്യ സംസ്കരണ രംഗത്തെ മികവുറ്റ പ്രവര്‍ത്തനങ്ങൾക്ക് നഗരസഭ ഇതിനോടകം തന്നെ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. തുടർച്ചയായി 4 വർഷം മലിനീകരണ നിയന്ത്രണ ബോർഡിന്റെ അവാർഡ്, മലയാള മനോരമയും മലബാർ ഗോൾഡും ചേർന്ന് നടത്തിയ ഈ മേഖലയിലെ മികച്ച നഗരഭക്കുള്ള ഹരിത കേരളം അവാർഡ്, മുഖ്യമന്ത്രിയുടെ ആരോഗ്യ കേരളം അവാർഡ്, മുഖ്യമന്ത്രിയുടെ ഹരിത അവാർഡ്,കേന്ദ്ര ഗവ: സ്വച്ച് സർവ്വേക്ഷൻ സർവ്വേ പ്രകാരം കേരളത്തിലെ ശുചിത്വമാർന്ന രണ്ടാമത്തെ നഗരം.

വിവിധ പുരസ്കാരങ്ങളുടെ നിറവിൽ  നിൽക്കുന്ന കൊയിലാണ്ടി നഗരസഭ കേരള സർക്കാറിന്റെ ഹരിത കേരള മിഷൻ നൽകുന്ന ശുചിത്വ പദവി പുരസ്കാരത്തിനും അർഹത നേടിയ സന്തോഷം ഞങ്ങൾ പങ്കുവക്കുന്നതോടൊപ്പ ഈയൊരു അംഗീകാരത്തിന് നഗരസഭയെ അർഹമാക്കിയതിൽ  നഗരസഭാ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ, ശുചീകരണ തൊഴിലാളികൾ, കുടുംബശ്രീ ഹരിതകർമസേന വളണ്ടിയർമാർ എന്നിവരുടെ പങ്ക് സുസ്തർഹ്യമാണെന്നും ചെയർമാൻ പറഞ്ഞു.


 

Leave a Reply

Your email address will not be published. Required fields are marked *