KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ കലക്ടറുടെ ഉത്തരവിന് പുല്ലു വില. കോഴിക്കോട് ഭാഗത്തേക്കുള്ള ബസ്സ് ഗതാഗതം സാധാരണപോലെ

കൊയിലാണ്ടി: കണ്ടെയിൻമെൻ്റ് സോണായി പ്രഖ്യാപിച്ച കൊയിലാണ്ടിയിൽ കലക്ടറുടെ ഉത്തരവിന് പുല്ലു വില. സ്റ്റാൻ്റിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള ബസ്സ് ഗതാഗതം സാധാരണപോലെ. കോവിഡ് വ്യാപന ഭീതി നിലനിൽക്കുന്ന കൊയിലാണ്ടി നഗരസഭ അതിർത്തിയിൽ ശനിയാഴ്ച രാത്രിയാണ് ദുരന്ത നിവാരണ കമ്മിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ കണ്ടയിൻമെൻ്റ് സോണായി പ്രഖ്യാപിച്ചത്. തുടർന്ന് ഞായറാഴ്ചകളിൽ മുൻ ഉത്തരവ് പ്രകാരം കൊയിലാണ്ടി സമ്പൂർണ്ണ ലോക് ഡൌൺ ആയിരുന്നു. ഇന്ന് രാവിലെ മുതലാണ് പുതിയ ബസ്സ് സ്റ്റാൻ്റിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള ബസ്സുകൾ സ്റ്റാൻ്റിനകത്ത് പാർക്ക് ചെയ്ത് യാത്രക്കാരെ കയറ്റി ട്രിപ്പുകൾ ആരംഭിച്ചത്. നിരവധി ബസ്സുകളാണ് ഈ ഉത്തരവ് മറികടന്ന് ഗതാഗതം ആരംഭിച്ചത്.

അതീവ ജാഗ്രത പുലർത്തണമെന്ന് കലക്ടറുടെ ഉത്തരവിന് പിന്നാലെ നഗരസഭ ചെയർമാൻ ഇന്നലെ പത്രക്കുറിപ്പും ഇറക്കിയിരുന്നു. യാതൊരു കാരണവശാലും സ്റ്റാൻ്റിനകത്ത് ഒരു വാഹനവും കടക്കരുതെന്നും ദേശീയപാതയിലൂടെ പോകുന്ന ദീർഘ ദൂര വാഹനങ്ങൾ നഗരസഭ അതിർത്തിയിൽ നിർത്താൻ പാടില്ലെന്നും കർശനമായ വ്യവസ്ഥ നിലനിൽക്കുകയാണ്. ചില ഓട്ടോറിക്ഷകളും സ്റ്റാൻ്റന് സമീപം ആളുകളെ ഇറക്കിവിടുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 10 മണിയായിട്ടും പോലീസിൻ്റെ യാതൊരു പരിശോധനയും ഇവിടെ നടക്കുന്നില്ല. ഇതിനിടയിൽ നിരവധി വാഹനങ്ങൾ ഒരു പരിശോധനയുമില്ലാതെയാണ് കടന്ന് പോയത്.

ആകെ ഒരു ഹോം ഗാർഡ് മാത്രമാണ് പഴയ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് വാഹനം നിയന്ത്രിക്കുന്നത്. പട്ടണത്തിൻ്റെ കിഴക്കൻ ഭാഗത്ത് മറ്റ് നിരവധി  വാഹനങ്ങളും ഒരു നിയന്ത്രണവും ഇല്ലാതെ വരുന്നതും വലിയ ആശങ്ക ഉണ്ടാക്കിയിരിക്കുകയാണ്.  ബസ്സ് സ്റ്റാൻ്റിനകത്ത് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഫ്ലാസ്ക്കിൽ ചായകൊണ്ട് വന്ന്  കച്ചവടം ചെയ്യുന്നതും  ആരുടെയും കണ്ണ് തുറപ്പിക്കുന്ന കാഴ്ചയാണ്. നഗരസഭ ആരോഗ്യ വിഭാഗം അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *