KOYILANDY DIARY

The Perfect News Portal

കൊറോണക്കെതിരെ പുതിയ ബോധവത്ക്കരണ വീഡിയോയുമായി കേരള പോലീസ്‌

തിരുവനന്തപുരം; കൊറോണക്കെതിരെ പുതിയ ബോധവത്കരണ വീഡിയോയുമായി കേരള പോലീസ്. എഡിജിപി മനോജ് എബ്രഹാമിന്റെ ആശയത്തില്‍ ഉരുത്തിരിഞ്ഞ രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ വന്‍ ഹിറ്റായിരിക്കുകയാണ്.

കൊറോണ വൈറസിനെ ഭയന്ന് ഒരു വ്യക്തി ഓടുന്നതും എന്നാല്‍ ആരോഗ്യ പ്രവര്‍ത്തരുടെ സഹായത്തോടെ സാനിറ്റൈസറും മാസ്കും ഉപയോഗിച്ച്‌ അദ്ദേഹം കൊറോണയെ തുരത്തുന്നതുമാണ് വീഡിയോയുടെ പ്രമേയം. മോഹന്‍ലാലിന്റെ ലൂസിഫര്‍ എന്ന സിനിമയിലെ പശ്ചാത്തല സംഗീതമാണ് വീഡിയോയില്‍ ഉപയോഗിച്ചിരിക്കുന്നത്.

ഈ കാലവും കടന്നു പോകും. ഇതും നമ്മള്‍ അതിജീവിക്കും, നിലപാടുണ്ട്,നില വിടാനാകില്ല നിങ്ങളോടൊപ്പമുണ്ട്, കാക്കിയുടെ മഹത്വം കാത്തുകൊണ്ടുതന്നെ, ഈ മഹാമാരിക്ക് മുന്നില്‍ ചങ്കുറപ്പോടെ പ്രവര്‍ത്തിക്കുന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും, സന്നദ്ധപ്രവര്‍ത്തകര്‍ക്കും, സഹപ്രവര്‍ത്തകര്‍ക്കും, മാധ്യമ പ്രവര്‍ത്തകര്‍ക്കും, പൊതുജനങ്ങള്‍ക്കുമായി ഈ വീഡിയോ സമര്‍പ്പിക്കുന്നു എന്ന കുറിപ്പോടെയാണ് വീഡിയോ കേരള പോലീസ് ഔദ്യോഗിക പേജില്‍ പങ്കുവെച്ചിരിക്കുന്നത്.

Advertisements

പോലീസുകാര്‍ തന്നെയാണ് വീഡിയോയ്ക്ക് അണിയറയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. അരുണ്‍ ബിടിയാണ് ആണ് വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. ജിബിന്‍ ജി നായര്‍, വിഷ്ണു ദാസ്, ഷഹനാസ് എന്നിവരാണ് വീഡിയോയില്‍ അഭിനയിച്ചത്. രഞ്ജിത്താണ് വീ‍ഡിയോയുടെ ഛായഗ്രഹണം.

കൊറോണ വൈറസിനെ നേരിടുന്നതിന് നേരത്തേയും കേരള പോലീസ് വീഡിയോയുമായി രംഗത്തെത്തിയിരുന്നു. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ കലകാത്ത സംഗനമേരം എന്ന പാട്ടിന് ചുവടുവെച്ച്‌ കൊണ്ടായിരുന്നു ബ്രേക്ക് ദി ചെയ്ന്‍ ബോധവത്കരണം പോലീസ് നടത്തിയത്. സാനിറ്റൈസര്‍ ഉപയോഗിച്ച്‌ എങ്ങനെ കൈകഴുകണമെന്ന് കാണിക്കുന്നതായിരുന്നു വീഡിയോ. ദേശീയ തലത്തില്‍ ചര്‍ച്ചയായ വീഡിയോ പിന്നീട് ആഗോള മാധ്യമങ്ങളും ഏറ്റെടുത്തിരുന്നു. കേരള പോലീസ് മാതൃക പിന്‍തുടര്‍ന്ന് പിന്നീട് ഹൈദരാബാദ് പോലീസും ഇതേ രീതിയില്‍ വീഡിയോ തയ്യാറാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *