ഹെല്‍ത്തി കോഴിക്കോടിന്റെ ഭാഗമായി ജില്ലയിലെ മൂന്ന് സ്ഥാപനങ്ങള്‍ പൂട്ടിച്ചു

കോഴിക്കോട്: ഊര്‍ജിത പകര്‍ച്ചവ്യാധി നിയന്ത്രണ പരിപാടിയായ ഹെല്‍ത്തി കോഴിക്കോടിന്റെ ഭാഗമായി ജില്ലയിലെ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ മൂന്ന് സ്ഥാപനങ്ങള്‍ പൂട്ടിച്ചു. ആകെ 881 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.
വിവിധ സ്ഥാപനങ്ങളില്‍നിന്ന് 50,500 രൂപ പിഴ ഈടാക്കിയിട്ടുണ്ട്. 263 ഹോട്ടല്‍, 178 കൂള്‍ബാര്‍, 190 ബേക്കറി, ആറ് കേറ്ററിങ് സെന്റര്‍, എട്ടു സോഡാ നിര്‍മാണ യൂണിറ്റുകള്‍, 209 മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.

പരപ്പന്‍പൊയിലിലെ ഫുഡ് പാലസ്, തമീം ഹോട്ടല്‍ എന്നിവയും നന്മണ്ട 13ലെ ലൂബി ബേക്കറി ആന്‍ഡ് കൂള്ബാറുമാണ് ആരോഗ്യ വിഭാഗം താഴിട്ടത്. ഇവിടെനിന്ന് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു. അപാകതകള്‍ പരിഹരിക്കണമെന്ന് കാണിച്ച് 22 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കിയിട്ടുണ്ട്. പുകയില ഉത്പന്ന നിയന്ത്രണ നിയമപ്രകാരം 6,300 രൂപ പിഴ ഈടാക്കി.

