സ്കൂളുകളിലേക്ക് പഴകിയ അരി ഇറക്കാനുള്ള ശ്രമം തൊഴിലാളികൾ തടഞ്ഞു

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്കിലെ സ്കൂൾ കുട്ടികൾക്ക് വിതരണം ചെയ്യാൻ തിക്കോടി എഫ്.സി.ഐ ഗോഡൗണിൽ നിന്നും കൊയിലാണ്ടിയിലെ വേർഹൗസ് ഗോഡൗണിൽ എത്തിയ മോശമായ അരി ഇറക്കാൻ തൊഴിലാളികൾ വിസമ്മതിച്ചു. സംഭവം വിവാദമായതോടെ നാട്ടുകാരെത്തി അരി ഇറക്കുന്നത് നിർത്തിവെപ്പിച്ചു. സാധാരണയായി 50- ലോഡ് അരിയാണ് താലൂക്കിലെ സ്കൂൾ കുട്ടികൾക്കായി വിതരണം ചെയ്യുന്നത്. സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ നിലവാരം പരിശോധിച്ച് മാർക്ക് ചെയ്യുന്ന അരിയാണ് വേർ ഹൗസിൽ എത്തുക.
50- ലോഡ് അരിയിൽ 16-ാം മത്തെ ലോഡ് ഇറക്കുമ്പോളാണ് അരിയുടെ നിലവാരം തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതിനെ തുടർന്ന് തൊഴിലാളികൾ അരിയിറക്കാൻ വിസമ്മതിക്കുകയായിരുന്നു. അരിയിൽ നിന്നും രൂക്ഷമായ ദുർഗന്ധം പുറത്തു വന്നതോടെ നാട്ടുകാരും സ്ഥലത്തെത്തി പ്രതിഷേധിച്ചു. പിന്നീട് എത്തിയ ലോഡ് അരി നാട്ടുകാർ തടയുകയായിരുന്നു. സിവിൽ സപ്ലൈ ഉദ്യോഗസ്ഥർ എത്തി പരിശോധിച്ചപ്പോൾ തങ്ങൾ മാർക്ക് ചെയ്ത അരിയല്ല എത്തിയതെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

സംഭവമറിഞ്ഞ് കൊയിലാണ്ടി പൊലിസ് സ്ഥലത്തെത്തി നാട്ടുകാരുമായും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. തിക്കോടി എഫ്.സി.ഐ.ലെ ക്വാളിറ്റി കൺട്രോളിംഗ് വിഭാഗത്തെപ്പറ്റി നേരത്തെ പരാതികൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ കോൺഗ്രസ്സ്, ബി.ജെ.പി.പ്രവർത്തകർ ശക്തമായി പ്രതിഷേധിച്ചു. കുട്ടികൾക്ക് മോശമായ അരി വിതരണം ചെയ്യുന്നത് അംഗീകരിക്കാൻ ആവില്ലെന്ന് കോൺഗ്രസ്സ് നേതാക്കളായ യു.രാജീവൻ, രാജേഷ് കീഴരിയൂർ, കെ.ടി.എം. കോയ,
ബി.ജെ.പി.മണ്ഡലം പ്രസിഡണ്ട് അഡ്വ.വി.സത്യൻ എന്നിവർ പറഞ്ഞു. സoഭവത്തിൽ കെ.എസ്.ടി.എ.യും, എൻ.സി.പി, യും പ്രതിഷേധിച്ചു.

