KOYILANDY DIARY.COM

The Perfect News Portal

സ്വര്‍ണക്കടകളില്‍ എത്തി ആഭരണങ്ങള്‍ അടിച്ച്‌ മാറ്റുന്ന യുവതി പോലീസ് പിടിയിൽ

കല്ലറ: സ്വര്‍ണം വാങ്ങനെന്ന വ്യാജേന കല്ലറയിലെയും സമീപ പ്രദേശങ്ങളിലെയും സ്വര്‍ണക്കടകളില്‍ എത്തി ആഭരണങ്ങള്‍ അടിച്ച്‌ മാറ്റുന്ന യുവതിയെ പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ കിളിയോട് നെല്ലുവിള വീട്ടില്‍ ഉഷയാണ് (45) അറസ്റ്റിലായത്. ഇന്നലെ രാത്രി പെരുംപഴുതൂരിലുള്ള വീട്ടിനടുത്ത് നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ 19 ന് ഇവര്‍ കല്ലറയിലെ താജ്മ ഹല്‍ ജുവലറിയില്‍ മോഷണം നടത്തിയിരുന്നു. കടയുടമ ഷാജഹാന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ്  യുവതിയെ ക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിയ്ക്കുന്നതും പിടിയിലാകുന്നതും.

ജുവലറിയില്‍ സ്വര്‍ണം വാങ്ങനെന്ന വ്യാജേന എത്തിയ സ്ത്രീ വളകളുടെ മോഡലുകള്‍ കാണിച്ച്‌ തരാന്‍ ജീവനക്കാരോട് ആവശ്യപ്പെടുകയും ജീവനക്കാരന്‍ വളകള്‍ കൗണ്ടറിന് മുകളില്‍ വച്ച നേരം അവയിലൊരെണ്ണം വിദഗ്ദമായി ബാഗിനുള്ളിലാക്കി കടക്കുകയുമായിരുന്നു.

കടയുടമയ്ക്ക് സംശയം തോന്നാതിരിയ്ക്കാന്‍ 25000 രൂപ വിലയുള്ള ഒരു വള വാങ്ങുകയും ചെയ്തിരുന്നു. സ്റ്റോക്കില്‍ വളയുടെ കുറവ് ഉണ്ടായതിനെത്തുടര്‍ന്ന് കടയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് നീല സാരിയും കണ്ണടയും ധരിച്ച സ്ത്രീ കൈയിലുണ്ടായിരുന്ന വളകളിലൊരെണ്ണം ബാഗിനുള്ളില്‍ ഇടുന്നത് കാണുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതിയും നല്‍കി. ഇവര്‍ സമാനമായ രീതിയില്‍ പല ജുവലറികളില്‍ നിന്നും മോഷണങ്ങള്‍ നടത്തിയിട്ടുള്ളതായി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Share news

Leave a Reply

Your email address will not be published. Required fields are marked *