സി.പി.ഐ.എം തിരുവമ്പാടി ഏരിയാ കമ്മിറ്റി അംഗത്തിനു നേരെ ലീഗ് ആക്രമണം

കോഴിക്കോട്: കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സിപിഐഎം തിരുവമ്പാടി ഏരിയാ കമ്മിറ്റി അംഗവുമായ സി.ടി.സി അബ്ദുള്ളയ്ക്ക് നേരെ ലീഗ് ആക്രമണം. അനധികൃതമായി നിര്‍മ്മിക്കുന്ന ലീഗ് ഓഫീസ് നിര്‍മ്മാണം തടയാനെത്തിയ പ്രസിഡന്റിനെ ആക്രമിച്ചു.
കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ വെസ്റ്റ് കൊടിയത്തൂര്‍ അങ്ങാടിയില്‍ അനധികൃതമായി നിര്‍മ്മിക്കുന്ന ലീഗ് ഓഫീസിന് ഗ്രാമപഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. അര്‍ദ്ധരാത്രിയില്‍ നിര്‍മ്മാണം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇത് പരിശോധിക്കാനായി കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. ടി. സി. അബ്ദുള്ള എത്തിയത്.

ഇതില്‍ പ്രകോപിതരായ മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ് പഞ്ചായത്ത് പ്രസിഡന്റിനെ അക്രമിച്ചത്. ആക്രമണത്തില്‍ കഴുത്തിനും, കൈയ്ക്കും, കാലിനും പരുക്കേറ്റ പഞ്ചായത്ത് പ്രസിഡന്റിനെ പോലീസ് കെഎംസിടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിട നിര്‍മ്മാണം അനധികൃതമാണെന്ന് കാണിച്ച് പഞ്ചായത്ത് നേരത്തെ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് പ്രവൃത്തി നിര്‍ത്തിവെച്ചത്.

