മത്സ്യം കഴുകിയ വീട്ടമ്മയുടെ സ്വര്‍ണവള വെളുത്തു പൊടിഞ്ഞു

പുനലൂര്‍: മത്സ്യം കഴുകിയ വീട്ടമ്മയുടെ കൈയില്‍ കിടന്ന സ്വര്‍ണവള വെളുത്തു പൊടിഞ്ഞു. ശാസ്താംകോണം ഷൈനി വിലാസത്തില്‍ ഷൈജുവിന്റെ ഭാര്യ സിബി ഷൈനിയാണ് മത്സ്യം കഴുകിയത്. രണ്ട് ദിവസം മുമ്പ് പുനലൂര്‍ റെയില്‍വേ ഗേറ്റിന് സമീപത്ത് നിന്ന് വാങ്ങിയ മത്സ്യം ഫ്രീസറില്‍ വച്ചിരുന്നു. ഇന്നലെ രാവിലെ കഴുകി വൃത്തിയാക്കുന്നതിനിടെ ഈ വെള്ളം വീണ് ഒരു വള പൂര്‍ണമായും വെളുത്തുപൊടിഞ്ഞു. മറ്റുള്ളവയുടെ നിറം മങ്ങി. മത്സ്യത്തില്‍ രാസ വസ്തു കലര്‍ന്നതാവാമെന്ന് പറയുന്നു.
വൈകിട്ട് പുനലൂരിലെ ഒരു സ്വര്‍ണക്കടയില്‍ നല്‍കിയ വള ചൂടാക്കിയപ്പോള്‍ സ്വര്‍ണത്തിന്റെ നിറം തിരികെ ലഭിച്ചു. എന്നാല്‍ വളയില്‍ പൊട്ടലും ദ്വാരവും ഇപ്പോഴുമുണ്ട്. സംഭവം അറിഞ്ഞെത്തിയ ഫുഡ് സേഫ്റ്റി വിഭാഗത്തിലെ വിനോദിന്റെ നേതൃത്വത്തില്‍ മത്സ്യത്തിന്റെ സാമ്ബിളുകള്‍ ശേഖരിച്ച് രാസ പരിശോധനയ്ക്കായി ലാബില്‍ അയച്ചു. അതേസമയം മത്സ്യം വാങ്ങിയ ദിവസം ഷൈനി പാചകം ചെയ്‌തെങ്കിലും കുഴപ്പമുണ്ടായില്ലെന്ന് മത്സ്യം വിറ്റയാള്‍ പറഞ്ഞു.

