KOYILANDY DIARY.COM

The Perfect News Portal

വിവാഹച്ചടങ്ങുകളിലെ റാഗിങ്ങിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ തീരുമാനം

തിരുവനന്തപുരം: വിവാഹച്ചടങ്ങുകളിലെ റാഗിങ്ങിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ പൊലീസ‌് തീരുമാനം. നിരവധി പേരുടെ ജീവിതം തകര്‍ക്കുകയും പലരെയും മാനസികമായി തകര്‍ക്കുകയുംചെയ്യുന്ന ഈ കലാപരിപാടി അതിരുവിടുന്നതുകണ്ടാണ‌് പൊലീസ‌് ഇടപെടല്‍. വിവാഹച്ചടങ്ങ‌് സ്വകാര്യ പരിപാടിയാണെങ്കിലും റാഗിങ്ങിനെക്കുറിച്ച‌് പരാതി ലഭിച്ചാല്‍ പൊലീസ‌് ഇടപെടും. നിലവില്‍ ഒട്ടേറെ പരാതികള്‍ വിവിധ സ‌്റ്റേഷനുകളില്‍ ലഭിച്ചിട്ടുണ്ട‌്. ഇതിന്റെഭാഗമായി ജനങ്ങളെ ബോധവല്‍ക്കരിക്കാനും പൊലീസ‌് തീരുമാനിച്ചിട്ടുണ്ട‌്.

കല്യാണദിവസം വരനെയും വധുവിനെയും സ്വീകരിക്കുന്ന ആഘോഷങ്ങളും റാഗിങ്ങുമാണ‌് ക്രമസമാധാനപ്രശ‌്നമായി മാറുന്നത‌്. ഒത്തുചേരലുകളുടെ സന്തോഷങ്ങള്‍ കെടുത്തുന്ന തരത്തിലാണ‌് പല വിവാഹ ആഘോഷങ്ങളും തമാശകളും അരങ്ങേറുന്നത‌്. ഈ പ്രവണതകള്‍ സകല സീമകളും ലംഘിച്ച്‌ ആഭാസങ്ങളും അപകടങ്ങളുമായി പരിണമിക്കുന്നു. വിവാഹ ആഘോഷത്തിന്റെയും വിരുന്നുസല്‍ക്കാരത്തിന്റെയും മറവിലുള്ള വിക്രിയകള്‍ സാമൂഹ്യ പ്രശ്നമാകുകയാണ‌്.

കല്യാണചെക്കനേയും പെണ്ണിനേയും കൊണ്ട്‌ പലവലധ പണിയെടുപ്പിക്കല്‍,ചെളിയും കരിയും പുരട്ടല്‍, റോഡിലൂടെ ഡാന്‍സ്‌ ചെയ്യിക്കല്‍, പെട്ടി ഓട്ടോയിലും മറ്റും കൊണ്ടുപോകല്‍ തുടങ്ങി കല്യാണ ചെക്കന്റെ കുട്ടുകാര്‍ക്ക്‌ തോന്നുന്നതെന്തും ചെയ്യിക്കുന്ന വിധത്തിലേക്ക്‌ ഈ റാഗിങ് പോയിരുന്നു. പലയിടത്തും ഇതേചൊല്ലി ബന്ധുവീട്ടുകാര്‍ തമ്മില്‍ കല്യാണപന്തലില്‍ കലഹവും ഉണ്ടായിട്ടുണ്ട്‌.

Advertisements

മുമ്ബ‌് ചില ജില്ലകളില്‍മാത്രം അരങ്ങേറിയ പരിപാടി ഇപ്പോള്‍ എല്ലാ ജില്ലകളിലും കാണുന്നു. ഒട്ടേറെ പേരാണ‌് ഇതുവഴി കണ്ണീര്‍ കുടിക്കുന്നത‌്. ക്രിമിനല്‍ സ്വഭാവമുള്ളവരാണ‌് ഇതില്‍പെടുന്ന പലരും. പകരംവീട്ടലായും പരിപാടി അരങ്ങേറുന്നു. ചില സ്ഥലങ്ങളില്‍ വീടുകള്‍ക്കകത്തുപോലും പടക്കംപൊട്ടിക്കുന്നു. ചീമുട്ടയേറ‌്, കളര്‍ വാരിവിതറല്‍ , ചെണ്ടകൊട്ടല്‍ തുടങ്ങിയവ നടക്കുന്നു. ഇതുസംബന്ധിച്ച‌് പൊലീസിന്റെ ഫെയ‌്സ‌്ബുക്ക‌് പേജില്‍ ഒട്ടേറെ പ്രതികരണങ്ങള്‍ വന്നു. ചിലര്‍ ഫോട്ടോയും വീഡിയോകളും ഷെയര്‍ ചെയ‌്തു. ഇതോടെയാണ‌് ബോധവല്‍ക്കരണവുമായി പൊലീസ‌് രംഗത്തുവന്നത‌്.

Share news

Leave a Reply

Your email address will not be published. Required fields are marked *