വാര്ഡന്മാര്ക്ക് ചായയില്‍ ഉറക്കുഗുളിക നല്കി തടവുചാടാന്‍ ശ്രമം; 3 പേര്‍ക്കെതിരെ കേസ്

കണ്ണൂര്‍: വാര്ഡന്മാര്ക്ക് ചായയില്‍ ഉറക്കഗുളിക ചേര്‍ത്തു കൊടുത്ത് ജയില്‍ ചാടാന്‍ റിമാന്‍ഡ് തടവുകാരുടെ ശ്രമം. കണ്ണൂര്‍ ജില്ലാ ജയില്‍ അധികൃതരുടെ പരാതിയില്‍ ടൗണ്‍ പൊലീസ് മൂന്നുപേര്‍ക്കെതിരെ കേസെടുത്തു. കാസര്‍കോട്ടെ കൊലക്കേസ് പ്രതി ഉള്‍പ്പെടെ മൂന്ന് പേരാണ് തടവുചാടാന്‍ ശ്രമിച്ചത്. ചീമേനിയില്‍ അധ്യാപികയെ വധിച്ച കേസിലെ പ്രതിയായ അരുണ്‍, ബലാത്സംഗക്കേസിലെ പ്രതി കാസര്‍കോട്ടെ റഫീഖ്, കഞ്ചാവുകേസിലെ പ്രതി അഷ്റഫ് ഷംസീര്‍ എന്നിവരാണ് തടവുചാടാന്‍ ശ്രമിച്ചത്. വാര്ഡന്മാരുടെ ജാഗ്രതമൂലമാണ് നീക്കം പരാജയപ്പെട്ടത്.
ചായ കുടിച്ച വാര്ഡന്മാര്ക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ സുകുമാരന്‍, താല്‍ക്കാലിക വാര്‍ഡനായ പവിത്രന് എന്നിവര്‍ക്കാണ് ഉറക്കുഗുളിക കലര്‍ത്തിയ ചായ നല്‍കിയത്. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചിനാണ് ജയില്‍ ജീവനക്കാരെ സംഭവം. രാവിലെ അണ്ലോക്ക്ചെയ്യുന്ന തടവുകാരാണ് മറ്റുള്ളവര്‍ക്ക് ഭക്ഷണം ഉണ്ടാക്കുന്നത്. ഇതിനായി സെല്ലില്‍ നിന്നിറക്കിയ മൂന്നു തടവുകാര്‍ ചായക്കൊപ്പം ട്രൊവൈറ്റ് എന്ന ഉറക്ക ഗുളിക ചേര്‍ത്ത് നല്‍കുകയായിരുന്നു.

തടവുപുള്ളികള്‍ ഉറക്കക്കുറവുണ്ടെന്ന് പരാതിപ്പെടുമ്ബോള് ജയില്‍ ഡോക്ടര്‍ നല്കുന്ന ഗുളികയാണ് ഇതിനായി ഉപയോഗിച്ചത്. ചായ കഴിച്ച രണ്ടുപേരും മയങ്ങി. ഈ സമയം ജയില്‍ കവാടത്തിന്റെ താക്കോലുമായി നീങ്ങിയ മൂന്നു പ്രതികളെയും മറ്റൊരു ഡ്യൂട്ടിക്കാരന് കണ്ടു. തടവുപുള്ളികളെ തിരിച്ചുവിളിച്ചു. അന്വേഷിച്ചപ്പോള്‍ കുടിവെള്ള പൈപ്പ് തകരാറിലായത് ശരിയാക്കാന്‍ പോവുകയാണ് എന്നായിരുന്നു മറുപടി. ഡ്യൂട്ടിയിലുള്ളയാള്‍ ഓഫീസ് മുറിയിലെത്തിയപ്പോള്‍ രണ്ടു വാര്ഡന്മാര് അബോധാവസ്ഥയിലായിരുന്നു. മറ്റൊരാള്‍ ഛര്‍ദിക്കുന്നതും കണ്ടു. ഉടന്‍ ജയില്‍ ഡോക്ടറെ വിളിച്ചുവരുത്തി.

ജില്ലാ ആശുപത്രിയില്‍ പരിശോധിച്ചപ്പോള്‍ ഭക്ഷ്യവിഷബാധയാണെന്ന് സംശയമുയര്‍ന്നു. ഉടന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി ജയിലിലുണ്ടാക്കിയ ഭക്ഷണം മറ്റു തടവുകാര്‍ക്ക് വിതരണംചെയ്യുന്നത് തടഞ്ഞു. ഭക്ഷണം പരിശോധിച്ചെങ്കിലും വിഷാംശമുണ്ടെന്ന് സ്ഥിരീകരിക്കാനായില്ല. ജയില്‍ അടുക്കളയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഉറക്ക ഗുളിക ചേര്‍ക്കുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയത്. പ്രതികള്‍ രണ്ടാഴ്ചയായി തടവുചാടാന്‍ ശ്രമിക്കുകയായിരുന്നു. തെരഞ്ഞെടുപ്പിനു മുമ്ബ് ജയില്‍ ചാടാനായിരുന്നു നീക്കം.

ജയിലിലെ ഭക്ഷണം ചില ഉദ്യോഗസ്ഥര്‍ കഴിക്കാറില്ല. ഭക്ഷണം കഴിക്കുന്ന വാര്‍ഡര്‍മാരെ ഒത്തുകിട്ടാന്‍ കാത്തിരിക്കുകയായിരുന്നു. എന്നാല്‍, പദ്ധതി വിജയിച്ചില്ല. വിശദമായി ചോദ്യംചെയ്തപ്പോളാണ് പ്രതികള്‍ ജയില്‍ ചാടാനുള്ള പദ്ധതി വെളിപ്പെടുത്തിയത്.
