വഴിയോര വിശ്രമ കേന്ദ്രം എം.എൽ.എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: താലൂക്ക് ആശുപത്രിയുടെ മുൻപിൽ നിർമ്മാണം പൂർത്തീകരിച്ച വഴിയോര വിശ്രമം കേന്ദ്രം എം.എൽ.എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ കെ.പി സുധ അധ്യക്ഷത വഹിച്ചു. കേരള സർക്കാരിൻ്റെ ജനക്ഷേമ പ്രവർത്തനങ്ങളിൽ ഏറെ പ്രശംസനീയമായ ഒന്നാണ് വഴിയോര വിശ്രമ കേന്ദ്രങ്ങൾ. നഗരവാസികൾക്കും നഗരത്തിലെ വഴിയോരങ്ങളിലൂടെ കടന്നു പോകുന്ന വാഹന യാത്രക്കാർക്കും താത്കാലിക വിശ്രമത്തിനും, പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതിനുമുള്ള സൗകര്യങ്ങളും, വനിതാ സൗഹൃദ കേന്ദ്രവും, മുലയൂട്ടൽ കേന്ദ്രവും, ഭിന്ന ശേഷിക്കാർക്കുള്ള പ്രത്യേക സൗകര്യങ്ങളും കോഫി ഷോപ്പും വിശ്രമ കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്.

ശുചിത്വ മിഷൻ്റെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. ചടങ്ങിൽ നഗരസഭ അസി: എഞ്ചിനീയർ എം. ടി അരവിന്ദൻ റിപ്പോർട്ട് അവതരിപ്പിച്ചു. സ്ഥിരംസമിതി ചെയർമാൻമാരായ കെ.എ ഇന്ദിര, കെ. ഷിജു, സി.പ്രജില, നിജില പറവക്കൊടി, ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സി.കെ അജീഷ്, കൗൺസിലർമാരായ പി.രത്നവല്ലി, വി.പി ഇബ്രാഹിംകുട്ടി, കെ.കെ വൈശാഖ്, എ.ലളിത ,എ.അസീസ് തുടങ്ങിയവരും വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികളായ ടി കെ ചന്ദ്രൻ, വി വി സുധാകരൻ, പി കെ വിശ്വനാഥൻ, കെ വി സുരേഷ്, ഇ എസ് രാജൻ, സി സത്യചന്ദ്രൻ, ടി കെ രാധാകൃഷ്ണൻ, സുരേഷ് മേലെപുറത്ത്, അമീർ അലി, എം റഷിത്ത്, ഹെൽത്ത് ഇൻസ്പെക്ടർ കെ പി രമേശൻ, എന്നിവർ സംബന്ധിച്ചു. നഗരസഭ ഉപാധ്യക്ഷൻ കെ സത്യൻ സ്വാഗതവും സെക്രട്ടറി എൻ സുരേഷ്കുമാർ നന്ദിയും പറഞ്ഞു.


