മുത്താമ്പിയിൽ മദ്യശാല തുറക്കില്ലെന്ന് മന്ത്രിയുടെ ഉറപ്പ്: സമരം അവസാനിപ്പിച്ചു

കൊയിലാണ്ടി: നടേരി മുത്താമ്പിയിൽ പുളിക്കൂൽ കുന്നിൽ ബീവറേജ് ഔട്ട്ലറ്റ് സ്ഥാപിക്കുന്നതിനെതിരെ ബീവറേജ് ഔട്ട്ലറ്റ് പ്രതിരോധ സമിതി 16 ദിവസമായി നടത്തിവന്ന രാപ്പകൽ സമരം അവസാനിച്ചു. തിരുവനന്തപുരത്ത് വെച്ച് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനുമായി സമര സമിതി നേതാക്കൾ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്. എൻ.എസ്. വിഷ്ണു, ആർ.കെ. അനിൽകുമാർ തുടങ്ങിയവരാണ് മന്ത്രിയുമായി ചർച്ച നടത്തിയത്.
ജനവാസ മേഖലയായ ഇവിടെ മദ്യ വിൽപ്പനശാല ആരംഭിക്കില്ലെന്ന് മന്ത്രി ഉറപ്പു നൽകുകയായിരുന്നു. ജനങ്ങൾ തിങ്ങി താമസിക്കുന്ന മേഖലയിലാണ് ബീവറേജ് ഔട്ട്ലറ്റ് സ്ഥാപിക്കാൻ ശ്രമം നടത്തിയത്. ഇതിനായി അടച്ചു പൂട്ടിയ ബിസ്കറ്റ് കമ്പനിയാണ് ബീവറേജ് തെരഞ്ഞെടുത്തത്. ഇതെ തുടർന്നാണ് നാട്ടുകാർ പ്രക്ഷോഭം ആരംഭിച്ചത്.

സമരത്തിനിടെ മദ്യം ഇറക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും മന്ത്രി ടി. പി. രാമകൃഷ്ണൻ ഇടപെട്ട് നിർത്തിവെപ്പിക്കുകയായിരുന്നു.

മന്ത്രിയുടെ തറവാട് വീടിന് സമീപത്താണ് നിർദ്ദിഷ്ട മദ്യശാലസ്ഥാപിക്കാനുദ്ദേശിച്ചത്. അവിടെ അതിന്റെ പ്രവർത്തനം ആരംഭിച്ചാൽ മന്ത്രിക്കെതിരെ കടുത്ത ജനരോഷം ഉയരുമെന്നുമാണ് ജനസംസാരം.

തിരുവനന്തപുരത്ത് വെച്ച് നടന്ന ചർച്ചയുടെ വിവരം ആഹ്ലാദത്തോടെയാണ് സമര സമിതി പ്രവർത്തകർ സ്വികരിച്ചത്. പടക്കം പൊട്ടിച്ചും, മധുര പലഹാരം നൽകിയും സമരം വിജയിച്ചതിന്റെ ആഹ്ലാദം പങ്ക് വെച്ചും വൈകിട്ട് മുത്താമ്പിയിൽ ചേർന്ന നൂറ് കണക്കിനാളുകൾ പങ്കെടുത്ത പൊതുയോഗത്തിൽ സമരം അവസാനിച്ചതായി പ്രഖ്യാപിച്ചത്.
