മാവോയിസ്റ്റ് ഭീഷണി: ബൂത്തുകളില്‍ കളക്ടര്‍ സന്ദര്‍ശനം നടത്തി

നാദാപുരം: മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന ബൂത്തുകളില്‍ ജില്ലാ കളക്ടറും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സന്ദര്‍ശനം നടത്തി. വളയം പോലീസ് സ്റ്റേഷനിലെ കണ്ടിവാതുക്കല്‍ ഗവ. വെല്‍ഫയര്‍ സ്കൂള്‍, വിലങ്ങാട് സെന്റ് ജോര്‍ജ് ഹൈസ്കൂള്‍ എന്നിവിടങ്ങളിലാണ് കളക്ടര്‍ എസ്. സാംബശിവറാവു, ജില്ലാ പോലീസ് മേധാവി യു. അബ്ദുള്‍ കരീം, ആന്റി നക്സല്‍ സ്ക്വാഡിലെ അംഗങ്ങള്‍ എന്നിവര്‍ സന്ദര്‍ശനം നടത്തിയത്.
കണ്ണൂര്‍ ജില്ലയിലെ കണ്ണവം വന മേഖലയോട് ചേര്‍ന്ന് കിടക്കുന്ന കണ്ടിവാതുക്കല്‍ സ്കൂള്‍ മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന പ്രദേശമാണ്. സ്കൂളില്‍ ഒരു ബൂത്ത് മാത്രമാണ് ഉള്ളത്. വിലങ്ങാട് സെന്റ് ജോര്‍ജ് ഹൈസ്കൂളിലെ നാല് ബൂത്തുകളും മാവോവാദി ഭീഷണി നിലനില്ക്കുന്നവയാണ്.

കണ്ടിവാതുക്കല്‍ ഉള്‍പെടെയുള്ള അഞ്ച് ബൂത്തുകളിലും തെരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി തണ്ടര്‍ ബോള്‍ട്ടിനെയും ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് സേനാംഗങ്ങളെയും നിയോഗിക്കുമെന്ന് എസ്പി പറഞ്ഞു.

2011 മുതലാണ് വിലങ്ങാട് വന മേഖലകള്‍ കേന്ദ്രീകരിച്ച് മാവോയിസ്റ്റുകള്‍ പ്രവര്‍ത്തനം തുടങ്ങിയത്. പിന്നീട് പല തവണ മേഖലയിലെ പലയിടങ്ങളില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചു. മാവോയിസ്റ്റുകള്‍ക്കെതിരേ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

