KOYILANDY DIARY.COM

The Perfect News Portal

മാണി മാധവ ചാക്യാർക്ക് കാരയാടിൽ സ്മാരകമുയരുന്നു

കൊയിലാണ്ടി : കൂടിയാട്ടത്തിന്റെയും ചാക്യാർകൂത്തിന്റെയും രസാഭിനയത്തിന്റെയും കുലപതിയായിരുന്ന മാണി മാധവച്ചാക്യാർക്ക് കാരയാടിൽ സ്മാരകമുയരുന്നു. തിരുവങ്ങായൂർ ശിവക്ഷേത്രത്തിലേക്കുളള പാതയോരത്ത് ചാക്യാരുടെ കുടുംബം വിട്ടുനൽകിയ പത്തുസെന്റ് സ്ഥലത്താണ് സാംസ്കാരികകേന്ദ്രം പിറവിയെടുക്കുന്നത്. ചാക്യാർകൂത്ത്, നങ്ങ്യാർകൂത്ത്, കൂടിയാട്ടം, പാഠകം തുടങ്ങിയ ക്ഷേത്രകലകൾ അഭ്യസിപ്പിക്കാൻവേണ്ടിയുള്ള ഒരു കലാപഠനകേന്ദ്രമായിരിക്കുമിത്. കൂടിയാട്ടത്തിന്റെ വാദ്യോപകരണങ്ങളായ മിഴാവും ഇടയ്ക്കയും ഇവിടെ പരിശീലിപ്പിക്കും. ഇത്തരം ക്ഷേത്രകലകളുടെ പരിപോഷണത്തിന് ജീവിതം ഉഴിഞ്ഞുവെച്ച അനശ്വര കലാകാരനായിരുന്നു മാണി മാധവച്ചാക്യാർ.

ടി.പി. രാമകൃഷ്ണൻ എം.എൽ.എ. അനുവദിച്ച 25 ലക്ഷം രൂപ ചെലവിലാണ് സ്മാരകം നിർമിക്കുന്നത്. കെട്ടിടത്തിന്റെ ഒന്നാംഘട്ട കോൺക്രീറ്റ് കഴിഞ്ഞു. അതിനുമുകളിൽ കൂത്തമ്പലം ശൈലിയിൽ മോന്തായത്തോടുകൂടി ഓടുമേയും. ഭാവി വികസനസാധ്യതകൂടി കണക്കിലെടുത്താണ് സ്മാരകം നിർമിക്കുന്നത്. സ്മാരകത്തിന്റെ നിർമാണം പൂർത്തിയാക്കാൻ സാമ്പത്തികച്ചെലവ് ഇനിയുമേറും. അരിക്കുളം-കാരയാട്-അഞ്ചാംപീടിക റോഡിൽനിന്ന് ഒരുകിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ സ്മാരകം നിർമിക്കുന്ന സ്ഥലത്തെത്താം. ഇതിനു സമീപത്തായി പ്രസിദ്ധമായ തിരുവങ്ങായൂർ മഹാശിവക്ഷേത്രമുണ്ട്. മാണി മാധവച്ചാക്യാരുടെ ഭവനവും തൊട്ടടുത്താണ്. ഈ വീട് ഇപ്പോഴും സംരക്ഷിച്ച് നിർത്തിയിട്ടുണ്ട്. പത്തായപ്പുരയോടുകൂടിയതാണ് ചാക്യാരുടെ ഭവനം. അടുത്ത ബന്ധു പത്മാവതി അമ്മയും കുടുംബവുമാണ് ഇപ്പോൾ ഇവിടെ താമസിക്കുന്നത്. കൂടിയാട്ടം, കൂത്ത് എന്നിവ പഠിക്കാൻ പുതു തലമുറ സന്നദ്ധരായി മുന്നോട്ടുവരുന്നുണ്ടെന്ന് അരിക്കുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.എം. സുഗതൻ പറഞ്ഞു.

മധ്യ വേനലവധിക്കാലത്ത് ചാക്യാർമഠത്തോടുചേർന്നുള്ള പത്തായപ്പുരയുടെ സൗകര്യം ഉപയോഗപ്പെടുത്തി പുതിയ പരിശീലന ക്ലാസുകൾ ആരംഭിക്കാൻ ആലോചനയുണ്ട്. ചുരുങ്ങിയത് രണ്ടോ മൂന്നോ വർഷമെങ്കിലും പരിശീലിച്ചാലേ കൂത്തിലും കൂടിയാട്ടത്തിലുമെല്ലാം പ്രാഥമിക കാര്യങ്ങൾ വശപ്പെടുത്താനാവുകയുള്ളൂ. ക്രിയാഭാഗങ്ങളും മുദ്രകളും ചുവടുകളും ഈ ക്ഷേത്രകലകൾക്ക് നിർബന്ധമായും പഠിച്ചിരിക്കണം. കൂത്തും കൂടിയാട്ടവും ജനകീയ കലാരൂപമാക്കാൻ മാണി മാധവ ചാക്യാർ ഏറെ ആഗ്രഹിച്ചിരുന്നു. 1974-ൽ രാജ്യം പത്മശ്രീ ബഹുമതി നൽകി മാണി മാധവച്ചാക്യാരെ ആദരിച്ചിരുന്നു. കേന്ദ്ര സംഗീത-നാടക അക്കാദമി പുരസ്കാരം, കേരള സാഹിത്യ അക്കാദമി പുരസ്കാരം, കലാമണ്ഡലം ഫെലോഷിപ്പ്, മധ്യപ്രദേശ് സർക്കാരിന്റെ തുളസി പുരസ്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്. ബനാറസ് സർവകലാശാല അദ്ദേഹത്തിന് 1964-ൽ വിശിഷ്ടബിരുദം സമ്മാനിച്ചു. നാട്യകല്പദ്രുമം എന്ന അദ്ദേഹത്തിന്റെ കൃതിക്ക്‌ കേന്ദ്ര സംഗീത-നാടക അക്കാദമി ഫെലോഷിപ്പും ലഭിച്ചിരുന്നു. 1990 ജനുവരി 14-ന് 91-ാം വയസ്സിലാണ് മാണി മാധവ ചാക്യാർ അന്തരിച്ചത്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *