മഹാരാഷ്ട്ര ചെമ്പട വളഞ്ഞു; നഗരത്തില്‍ വന്‍ ഗതാഗത നിയന്ത്രണം

മുംബൈ : പോരാട്ടത്തിന്റെ പുത്തന്‍ ചരിത്രം കുറിച്ച് കര്‍ഷകരുടെ ലോങ് മാര്‍ച്ച് മുംബൈ നഗരത്തില്‍ പ്രവേശിച്ചു. അഞ്ച് ദിവസം കൊണ്ട് 200 കിലോ മീറ്റര്‍ കാല്‍നടയായി പിന്നിട്ടാണ് കര്‍ഷകര്‍ നഗരത്തില്‍ പ്രവേശിച്ചത്.
കര്‍ഷകരുടെ ലോങ് മാര്‍ച്ചിനെ തുടര്‍ന്ന് നഗരത്തില്‍ വന്‍ ഗതാഗത നിയന്ത്രണമാണ് മുംബൈ പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പലസ്ഥങ്ങളിലും ഗാതാഗതം വഴിതിരിച്ചു വിട്ടിട്ടുണ്ട്. ഈസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേയിലൂടെയാണ് കര്‍ഷകര്‍ നീങ്ങുന്നത്. സൗത്ത് മുംബൈയിലേക്ക് പോകുന്നവര്‍ ഈസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേയിലൂടെ സഞ്ചരിക്കുന്നത് ഒഴിവാക്കി എല്‍ബിഎസ് റോഡ്, സിയോണ്‍ പന്‍വേല്‍ റോഡ്, താനെ ബെലാപുര്‍ റോഡ് എന്നിവ ഉപയോഗിക്കണമെന്നാണ് പൊലീസിന്റെ നിര്‍ദേശം. ഈസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേയില്‍ ഞായറാഴ്ച വലിയ വാഹനങ്ങള്‍ക്ക് ഭാഗികമായി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ബിജെപി സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധനയങ്ങള്‍ക്കെതിരെ അഖിലേന്ത്യാ കിസാന്‍സഭ നേതൃത്വത്തിലുള്ള ലോങ്മാര്‍ച്ചില്‍ ദിവസവും ആയിരക്കണക്കിന് കര്‍ഷകര്‍ അണി ചേരുകയാണ്. കര്‍ഷകര്‍ തിങ്കളാഴ്ച മഹാരാഷ്ട്ര സെക്രട്ടറിയേറ്റായ വിധാന്‍ ഭവന് ഉപരോധിക്കും.


അനുവാദമില്ലാതെ കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കുന്നതില്‍ നിന്ന് പിന്മാറുക, അര്‍ഹമായ നഷ്ടപരിഹാരത്തുക നല്‍കുക, വിളകള്‍ക്ക് കൃത്യമായ താങ്ങുവില നല്‍കുക, എം എസ് സ്വാമിനാഥന് കമീഷന് കര്‍ഷകര്‍ക്കായി നിര്‍ദേശിച്ച ശുപാര്‍ശകള്‍ നടപ്പാക്കുക, ബിജെപി സര്‍ക്കാരിന്റെ കര്‍ഷകവഞ്ചന അവസാനിപ്പിക്കുക, വനാവകാശനിയമം നടപ്പാക്കുക, നദീസംയോജനപദ്ധതി നടപ്പാക്കി കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്ന വരള്‍ച്ചയ്ക്ക് അറുതി വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം

