മഹാത്മാഗാന്ധിയെ കൊലപ്പെടുത്താന്‍ ആര്‍എസ്എസ് ഗൂഢാലോചന നടത്തിയതിന് കൂടുതല്‍ തെളിവ് പുറത്ത്.

ന്യൂഡല്‍ഹി : മഹാത്മാഗാന്ധിയെ കൊലപ്പെടുത്താന്‍ ആര്‍എസ്എസ് ഉന്നതതലത്തില്‍ ഗൂഢാലോചന നടത്തിയതിന് കൂടുതല്‍ തെളിവ് പുറത്ത്. ഗാന്ധിയെ വധിക്കുമെന്ന് ആര്‍എസ്എസ് സര്‍സംഘ് ചാലകായിരുന്ന എം എസ് ഗോള്‍വാള്‍ക്കര്‍ ഭീഷണി മുഴക്കിയതായി പുതിയ തെളിവുകള്‍ വെളിപ്പെടുത്തുന്നു. ഡല്‍ഹിക്കടുത്ത് റോത്തക്ക് റോഡില്‍ 1947 ഡിസംബര്‍ എട്ടിന് ചേര്‍ന്ന ആര്‍എസ്എസ് ഉന്നതതല യോഗത്തിലാണ്, മുസ്ളിങ്ങളെ സഹായിക്കുന്നതിന്റെ പേരില്‍ ഗാന്ധിയെ വധിക്കേണ്ടിവരുമെന്ന് ഗോള്‍വാള്‍ക്കര്‍ വ്യക്തമാക്കുന്നത്. ഈ പരാമര്‍ശം നടത്തി 53 ദിവസത്തിനകം ഗാന്ധി കൊല്ലപ്പെട്ടു.
ഡല്‍ഹി പൊലീസ് ക്രിമിനല്‍ അന്വേഷണവിഭാഗത്തിന്റെ (സിഐഡി) രഹസ്യ റിപ്പോര്‍ട്ടിലാണ് 1947 ഡിസംബര്‍ എട്ടിന് ചേര്‍ന്ന ആര്‍എസ്എസ് യോഗത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നത്. റിപ്പോര്‍ട്ട് ഡല്‍ഹി പൊലീസ് ആര്‍ക്കൈവ്സിലുണ്ട്. ഇന്‍സ്പെക്ടര്‍ കര്‍ത്താര്‍ സിങ്ങാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ആര്‍എസ്എസിന്റെ റോത്തക്ക് റോഡ് യോഗത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് 2500 പ്രതിനിധികള്‍ പങ്കെടുത്തു. രാജ്യം സ്വതന്ത്രമായ ഘട്ടത്തില്‍ ഭാവിപദ്ധതി ആസൂത്രണം ചെയ്യാനായിരുന്നു യോഗം. ആര്‍എസ്എസിന്റെ ഭാവി അജന്‍ഡ വിശദമാക്കി ഗോള്‍വാള്‍ക്കര്‍ നടത്തിയ പ്രസംഗമാണ് കര്‍ത്താര്‍ സിങ് ഡല്‍ഹി പൊലീസിനായി റിപ്പോര്‍ട്ട് ചെയ്തത്. പ്രസംഗത്തിന്റെ ചുരുക്കം ഇങ്ങനെ: “വരുംകാല വെല്ലുവിളികള്‍ പൂര്‍ണ ശക്തിയോടെ നേരിടുകയെന്നത് ഓരോ വ്യക്തിയുടെയും കടമയാണ്. വ്യക്തമായ പദ്ധതി പെട്ടെന്നുതന്നെ അവതരിപ്പിക്കാം. വെറുതെയുള്ള കളികളുടെ സമയം കഴിഞ്ഞു. ഓരോ വീട്ടിലും ആര്‍എസ്എസിന് പുതിയ വളന്റിയര്‍മാരെ ഉറപ്പുവരുത്തണം. അവരില്‍ ഹിന്ദുത്വവികാരം സന്നിവേശിപ്പിക്കണം. ശിവജിയുടെ തന്ത്രങ്ങള്‍ക്ക് അനുസൃതമായി ഗറില്ലാ യുദ്ധത്തിന് തയ്യാറെടുക്കണം. പാകിസ്ഥാനെ ഇല്ലാതാക്കാതെ ആര്‍എസ്എസിന് വിശ്രമമില്ല. നമ്മുടെ മാര്‍ഗത്തിന് തടസ്സമായി ആരെങ്കിലും വന്നാല്‍ അവരെ ഇല്ലാതാക്കണം. അത് നെഹ്റു സര്‍ക്കാരായാലും മറ്റേത് സര്‍ക്കാരായാലും. ആര്‍എസ്എസിനെ ജയിക്കാന്‍ ആര്‍ക്കുമാകില്ല.

മുസ്ളിങ്ങളെ ഹിന്ദുസ്ഥാനില്‍ നിലനിര്‍ത്താന്‍ ഒരു ശക്തിക്കുമാകില്ല. അവര്‍ രാജ്യംവിട്ട് പോയേ മതിയാകൂ. മുസ്ളിങ്ങളെ നിലനിര്‍ത്താന്‍ ഗാന്ധി താല്‍പ്പര്യപ്പെടുന്നുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാനാണിത്. എന്നാല്‍, ആ സമയമാകുമ്പോള്‍ ഒരു മുസ്ളിമും ഇന്ത്യയില്‍ ശേഷിക്കില്ല. അങ്ങനെ സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനായിരിക്കും. ഹിന്ദുസമൂഹത്തിനായിരിക്കില്ല. ഹിന്ദുക്കളെ അധികനാള്‍ തെറ്റിദ്ധരിപ്പിക്കാന്‍ ഗാന്ധിക്കാകില്ല. ഇത്തരക്കാരെ വേഗത്തില്‍ നിശ്ശബ്ദരാക്കാന്‍ നമുക്ക് മാര്‍ഗമുണ്ട്. ഹിന്ദുക്കളോട് ശത്രുത പുലര്ത്തല്നമ്മുടെ പാരമ്പര്യമല്ല. എന്നാല്‍, നിര്‍ബന്ധിതരായാല്‍ നമുക്ക് അതും ചെയ്യേണ്ടിവരും”– ഗോള്‍വാള്‍ക്കര്‍ ഗാന്ധിജിയുടെ കാര്യത്തില്‍ നയം വ്യക്തമാക്കി.

ആര്‍എസ്എസ് ഉന്നതതലയോഗം ചേരുന്നുവെന്ന വിവരം ലഖ്നൌവിലെ സിഐഡി സ്പെഷ്യല്‍ ബ്രാഞ്ച് സൂപ്രണ്ട് ജി ബി വിഗ്ഗിന്‍സിന് ലഭിച്ചിരുന്നു. ശത്രുപട്ടികയിലുള്ളവരെ ഇല്ലാതാക്കുന്നതിനുള്ള ഗൂഢാലോചനയാകും യോഗത്തില്‍ നടക്കുകയെന്ന് സിഐഡി വിഭാഗത്തിന് ബോധ്യപ്പെട്ടു. തുടര്‍ന്നാണ് ഡല്‍ഹി പൊലീസ് സിഐഡി വിഭാഗത്തോട്് യോഗം നിരീക്ഷിക്കാന്‍ നിര്‍ദേശിച്ചത്.
