മയക്കുമരുന്ന് കേസിലെ പ്രതിയെ പിടിക്കുന്നതിനിടെ എക്സൈസ് റേഞ്ച് ഓഫീസര്‍ക്ക് വെടിയേറ്റു

മലപ്പുറം> വണ്ടൂര്‍ വാണിയമ്പലത്ത് മയക്കുമരുന്ന് കേസിലെ പ്രതിയെ പിടിക്കുന്നതിനിടെ എക്സൈസ് റേഞ്ച് ഓഫീസര്‍ക്ക് വെടിയേറ്റു. എക്സൈസ് നിലമ്ബൂര്‍ റെയ്ഞ്ച് ഓഫീസര്‍ മനോജിനാണ് വെടിയേറ്റത്.
വാണിയമ്പലത്ത് വെച്ചാണ് സംഭവം. തിരുവനന്തപുരത്ത് കോടികളുടെ ഹാഷിസ് പിടിച്ച കേസില്‍ മുങ്ങിയ ജോര്‍ജ്കുട്ടി എന്ന പ്രതി വാണിയമ്ബലത്തെ ഭാര്യാ വീട്ടിലെത്തിയപ്പോഴോണ് വിവരമറിഞ്ഞ് എക്സൈസ് സംഘം ഇയാളെ പിടികൂടാനെത്തിയത്.

വാതില്‍ തുറന്ന ഉടന്‍ നാലു പ്രാവശ്യം വെടി വെക്കുകയായിരുന്നു. റെയ്ഞ്ച് ഓഫീസറുടെ കാലിനാണ് വെടിയേറ്റത്. വണ്ടൂര്‍ സ്വകാര്യ ആശുപത്രിയില്‍ ഓഫീസര്‍ക്ക് ശസ്ത്രക്രിയ നടത്തി.

തിങ്കളാഴ്ച അര്‍ദ്ധരാത്രിയിലാണ് സംഭവം. നിലമ്ബൂര്‍ വാണിയമ്ബലത്ത് വെച്ചാണ് ജോര്‍ജ് കുട്ടിയെ എക്സൈസ് പിടികൂടിയത്. വാണിയമ്ബലത്തെ രണ്ടാം ഭാര്യയുടെ വീട്ടിലേക്ക് ജോര്‍ജ് കുട്ടി എത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം ഇയാള്‍ക്കായി വലവിരിച്ചത്. തിരുവനന്തുപുരത്ത് നിന്ന് എത്തിയ എക്സൈസ് സംഘം നിലമ്പൂര്‍ എക്സൈസുമായി ചേര്‍ന്നാണ് ജോര്‍ജ് കുട്ടിയെ പിടികൂടിയത്.

തിരുവനന്തപുരത്ത് വെച്ച് 20 കോടി വില വരുന്ന ഹാഷിഷ് ഓയിലുമായി അറസ്റ്റിലായ ജോര്‍ജ് കുട്ടി ഈ മാസം നാലിന് തെളിവെടുപ്പിനിടെ ബെംഗളൂരുവില്‍ വെച്ചാണ് എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു രക്ഷപെട്ടത്.
പ്രതിയെ കസ്റ്റഡിയില്‍ നിന്നും രക്ഷപെടുന്നതിനും ഒളിത്താവളം ഒരുക്കുകയും ചെയത കുഞ്ഞുണ്ണി എന്ന അനിരുദ്ധന്, മുഹമ്മദ് ഷാഹീര്‍ എന്നിവരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരില്‍ നിന്നാണ് ജോര്‍ജ് കുട്ടി വാണിയമ്ബലത്ത് എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചത്.
