KOYILANDY DIARY.COM

The Perfect News Portal

പ്രണയ വിവാഹത്തിന് വീട്ടുകാര്‍ എതിര്‍ത്തു: വിവാഹം നടത്തി പഞ്ചായത്ത്

ഇടുക്കി: പ്രണയ വിവാഹത്തിന് യുവതിയുടെ വീട്ടുകാര്‍ എതിര്‍ത്തു. യുവതിയെ വിളിച്ചിറക്കി പഞ്ചായത്തിലെത്തി യുവാവ്; വിവാഹം നടത്തി പഞ്ചായത്ത്. മൂന്നാർ പഞ്ചായത്ത് പ്രസിഡണ്ട് പ്രവീണ രവികുമാറിന്‍റെ ഓഫിസിലാണ് വ്യത്യസ്തമായ വിവാഹം നടന്നത്.

കെഡിഎച്ച്പി കമ്പനിയുടെ വാഗുവര ലോവർ ഡിവിഷൻ സ്വദേശികളായ വർഗീസ് തങ്കം ദമ്പതികളുടെ മകൻ സുധൻ സുഭാഷ് (28), ഇതേ ഡിവിഷനിലെ ബെന്നി തമിഴ് സെൽവി ദമ്പതികളുടെ മകൾ നിവേദ(22) എന്നിവരുടെ വിവാഹമാണ് പഞ്ചായത്ത് ഓഫിസിൽ നടന്നത്.

ചെന്നൈയിൽ ഡ്രൈവറായ സുധനും നിവേദയും കഴിഞ്ഞ നാല് വർഷമായി പ്രണയത്തിലായിരുന്നു. സുധനും ബന്ധുക്കളും യുവതിയുടെ വീട്ടിലെത്തി വിവാഹം നടത്തി തരാൻ അഭ്യര്‍ത്ഥിച്ചെങ്കിലും കടുത്ത എതിർപ്പാണ് ഉണ്ടായത്. പഞ്ചായത്തംഗമായ ഉമാ രമേശ് യുവതിയുടെ വീട്ടുകാരുമായി ചർച്ച നടത്തിയിരുന്നെങ്കിലും കാര്യമായ മാറ്റം വീട്ടുകാരിൽ നിന്നുണ്ടായില്ല. തുടർന്ന് ബന്ധുക്കളിൽ നിന്നുള്ള ഭീഷണി കടുത്തതോടെയാണ് രണ്ടു പേരും മെമ്പറായ ഉമയോടൊപ്പം പഞ്ചായത്തിലെത്തി പ്രസിഡന്‍റിനോട് വിവരം പറഞ്ഞു.

Advertisements

പ്രസിഡന്‍റിന്‍റെ ഓഫിസിൽ വച്ചു തന്നെ വിവാഹം കഴിക്കാൻ ഇരുവരും തയാറായതോടെ പ്രവീണ ഈ വിവരങ്ങള്‍ ബന്ധുക്കളെ അറിയിച്ചു. ബാക്കി കാര്യങ്ങളെല്ലാം സുധനും നിവേദയും ആഗ്രഹിച്ചത് പോലെ തന്നെ നടന്നു. താലിമാലയും വിവാഹമോതിരങ്ങളുമായി ബന്ധുക്കള്‍ പ‍ഞ്ചായത്ത് ഓഫീസിലെത്തി.

പ്രസിഡന്‍റ് പ്രവീണ എടുത്തു നൽകിയ താലിമാല സുധൻ, ബന്ധുക്കളും പഞ്ചായത്തംഗങ്ങളായ ഉമ, പി. മേരി എന്നിവരുടെ സാന്നിധ്യത്തിൽ നിവേദയുടെ കഴുത്തിൽ ചാർത്തി. പഞ്ചായത്തിലെ ജീവനക്കാർക്കും പഞ്ചായത്തംഗങ്ങൾക്കും മധുരം നൽകിയ ശേഷമാണ് ബന്ധുക്കൾക്കൊപ്പം ഇരുവരും മടങ്ങിയത്.

Share news