പൊയിൽകാവിൽ അണ്ടർപാസ് അനുവദിക്കണം

കൊയിലാണ്ടി: ചെങ്ങോട്ടു കാവ്: നിർദ്ദിഷ്ട ദേശീയ പാത വികസനത്തിന്റെ ഭാഗമായി പ്രദേശവാസികളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിന് പൊയിൽകാവ് ടൗണിൽ അണ്ടർ പാസ് അനുവദിക്കണമെന്ന് പഞ്ചായത്ത് ഭരണ സമിതി നേഷണൽ ഹൈവേ അതോറിറ്റിയോട് ആവശ്യപ്പെട്ടു. അണ്ടർ പാസ് സൗകര്യമില്ലാതെയുള്ള ദേശീയ പാത വികസനം പഞ്ചായത്തിലെ പ്രദേശങ്ങളെ നെടുകെ വിഭജിക്കുന്നതും ജനങ്ങൾക്ക് കടുത്ത പ്രയാസമുണ്ടാക്കുന്നതിനും ഹേതുവാകും. പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പൊയിൽ കാവ് യു.പി സ്കൂൾ ഹയർസെക്കൻററി സ്കൂൾ എന്നിവിടങ്ങളിലെ 1000 ത്തോളം വിദ്യാർത്ഥികൾക്കും കൂടാതെ അധ്യാപകർക്കും സ്കൂളിൽ എത്താൻ യാത്രാ ദുരിതം നേരിടുന്നതാണ്.

മലബാറിലെ പ്രധാനപ്പെട്ട ക്ഷേത്രമായ പൊയിൽകാവ് ദുർഗ്ഗാ ദേവി ക്ഷേത്രത്തിലേക്കുള്ള വഴി തടസ്സപ്പെടും.കാപ്പാട് ബീച്ചിലേക്ക് എളുപ്പത്തിലെത്തിച്ചേരാവുന്ന വഴിയുമാണിത് – കൂടാതെ പഞ്ചായത്തിലെ ബീച്ച് വാർഡുകളായ 13 മുതൽ 17 വരെയുള്ള 5 വാർഡുകളിലെ നൂറ് കണക്കിന് മത്സ്യ തൊഴിലാളികൾക്ക് ടൗണിൽ എത്തിച്ചേരുന്നതിനും അണ്ടർ പാസ് ഇല്ലാത്തത് പ്രയാസമാകും. പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, ഹോമിയോ – ആയുർവേദ ഡിസ്പൻസറി വെറ്ററിനറി ഡിസ്പൻസറി എന്നിവിടിങ്ങളിലെത്തുന്നതിനും പ്രദേശവാസികൾ പ്രയാസപ്പെടും. ആയതിനാൽ പൊയിൽകാവ് ടൗണിൽ അണ്ടർ പാസ് അനുവദിക്കണമെന്ന് പഞ്ചായത്ത് ഭരണസമിതി അധികൃതരോട് ഐകകണ്ഠേന ആവശ്യപ്പെട്ടു.


പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പി. വേണു, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ഗീത കാരോൽ, ബേബി സുന്ദർ രാജ്, ബിന്ദു മുതിരക്കണ്ടത്തിൽ, മെമ്പർമാരായ രമേശൻ കിഴക്കയിൽ, തസ്ലീന നാസർ, സുധ കാവുങ്കൽ, ബീന കുന്നുന്മൽ എന്നിവർ സംസാരിച്ചു.


