KOYILANDY DIARY.COM

The Perfect News Portal

പേരാമ്പ്ര സി.കെ.ജി ഗവ. കോളേജ്  വികസന പാതയിൽ

പേരാമ്പ്ര: ഉന്നത വിദ്യാഭ്യാസ രംഗത്ത്  നാല് ദശകം പിന്നിട്ട പേരാമ്പ്ര സി.കെ.ജി ഗവ.കോളേജ്  വികസന പാതയിൽ. സംസ്ഥാന സർക്കാരിന്റെയും യുജിസിയുടെയും ധന സഹായത്തോടെ 1.2 കോടി രൂപ ചെലവിൽ നിർമിച്ച വനിതാ ഹോസ്റ്റലിന്റെയും, റൂസ പ്രോജക്ടിൽ ഉൾപ്പെടുത്തി രണ്ടുകോടിരൂപ ചെലവിൽ നിർമിച്ച അക്കാദമിക്‌ ബ്ലോക്കിന്റെയും  ഉദ്ഘാടനം 19 ന് പകൽ  2.30 ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു നിർവഹിക്കും. ടി പി രാമകൃഷ്ണൻ എം.എൽ.എ അധ്യക്ഷനാകും.

40 വർഷത്തെ പാരമ്പര്യമുള്ള  പേരാമ്പ്ര ഗവ.കോളേജിൽ നിലവിലുണ്ടായിരുന്ന കെട്ടിടം 80 ലക്ഷം രൂപ ചെലവിൽ നവീകരിച്ചു. മന്ത്രിയായിരുന്ന ടി പി രാമകൃഷ്ണന്റെ  ഇടപെടലിനെ തുടർന്ന് സർക്കാർ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 7.82 കോടി രൂപ ചെലവിൽ നിർമിക്കുന്ന പുതിയ അക്കാദമിക് ബ്ലോക്കിന്റെയും രാജ്യാന്തര നിലവാരത്തിലുള്ള ലൈബ്രറി ബ്ലോക്കിന്റെയും നിർമാണം അന്തിമഘട്ടത്തിലാണ്.  ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ്‌  നിർമാണച്ചുമതല.  കോളേജിന്റെ  ചുറ്റുമതിൽ നിർമാണത്തിനായി ഉന്നതവിദ്യാഭ്യസ വകുപ്പ് 1.75 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പ്രവൃത്തി ഉടൻ ആരംഭിക്കും. കഴിഞ്ഞ അഞ്ചുവർഷത്തിനകം കോളേജിന്റെ ഭൗതിക സാഹചര്യം വർധിപ്പിക്കുന്നതോടൊപ്പം കൂടുതൽ കോഴ്സുകളും ആരംഭിക്കാനായി.

2018ൽ ബിഎ ഇംഗ്ലീഷ്, എം എസ് സി മാത്തമാറ്റിക്സ്, എംകോം ഫിനാൻസ്, 2021 ൽ ബി എസ് സി അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് വിത്ത് ഡാറ്റാ സയൻസ് കോഴ്സും  ആരംഭിച്ചു. നാഷണൽ അസസ്‌മെന്റ്‌   ആൻഡ്‌  അക്രഡിറ്റേഷൻ കൗൺസിലിന്റെ  ബി പ്ലസ് അംഗീകാരം ലഭിച്ച കോളേജിന്റെ 25 വർഷത്തെ ഭാവി വികസന സാധ്യതകൾ കണക്കിലെടുത്ത് വിശദമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്.  വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ വി കെ പ്രമോദ്, പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. കെ പി പ്രിയദർശൻ, എൻ എം പ്രദീഷ്, കെ ജസ് ലിൻ, പിടിഎ വൈസ് പ്രസിഡന്റ്‌  ചന്ദ്രൻ കല്ലൂർ എന്നിവർ പങ്കെടുത്തു.

Advertisements


Share news

Leave a Reply

Your email address will not be published. Required fields are marked *