പിതാവിനെ മക്കള്‍ കസേരയിലിരുത്തി റോഡില്‍ ഉപേക്ഷിച്ചു

തിരുവനന്തപുരം: വീട്ടില്‍ നോക്കാന്‍ ആളില്ലാത്തതിനാല്‍ പിതാവിനെ മക്കള്‍ കസേരയിലിരുത്തി റോഡില്‍ ഉപേക്ഷിച്ചു. നാലുമണിക്കൂറോളം വെയിലത്ത് ഇരിക്കേണ്ടി വന്ന പിതാവിനെ പോലീസും നാട്ടുകാരും ചേര്‍ന്ന് മറ്റൊരു മകന്റെ വീട്ടിലാക്കി.
ഞായറാഴ്ചയാണ് വട്ടിയൂര്‍ക്കാവ് സ്വദേശിയായ റിട്ട. എസ്.ഐ.ക്ക് മക്കളില്‍നിന്നു ദുരനുഭവം ഉണ്ടായത്. പെന്‍ഷനായി 27,000 രൂപ മാസവരുമാനവും ഏഴ് ആണ്മക്കളും ഉള്ളയാള്‍ക്കാണ് ഈ ദുരനുഭവം ഉണ്ടായതെന്ന് വട്ടിയൂര്‍ക്കാവ് പോലീസ് പറഞ്ഞു. റിട്ട. പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യക്ക് അസുഖമാണ്. ഇവരോടൊപ്പം താമസിച്ചിരുന്ന മകനും കുടുംബവും അവരെ കാണാന്‍ ആശുപത്രിയിലേക്കു പോകുംമുമ്പ് രാവിലെ എട്ടുമണിയോടെയാണ് അച്ഛനെ കസേരയിലാക്കി വീട്ടിനു മുന്നിലെ റോഡില്‍ ഇരുത്തിയത്.

പന്ത്രണ്ടര കഴിഞ്ഞിട്ടും റിട്ട. എസ്.ഐ. കൊടുംവെയിലില്‍ റോഡില്‍ ഇരിക്കുന്നതുകണ്ട നാട്ടുകാര്‍ പ്രശ്നത്തില്‍ ഇടപെട്ടു. വട്ടിയൂര്‍ക്കാവ് പോലീസില്‍ വിവരമറിയിച്ചു. പോലീസ് എത്തി ഇദ്ദേഹത്തെ തൊട്ടടുത്തുള്ള മകന്റെ വീട്ടിലാക്കി. എന്നാല്‍, അവിടെ സ്ഥലസൗകര്യമില്ലെന്നുപറഞ്ഞ് അയാള്‍ കൈയൊഴിഞ്ഞു.

ഉടന്‍തന്നെ മറ്റൊരു മകന്റെ വീട്ടിലേക്കു പിതാവിനെ മാറ്റി. 20 ദിവസത്തിനുള്ളില്‍ ആശുപത്രിയിലുള്ളവര്‍ വരുമെന്നും അതുവരെ താമസിപ്പിക്കാമെന്നും അയാള്‍ സമ്മതിച്ചതായി വട്ടിയൂര്‍ക്കാവ് പോലീസ് അറിയിച്ചു. മക്കള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാന്‍ പിതാവ് തയ്യാറല്ല. 20 ദിവസത്തിനുള്ളില്‍ മക്കളെ വിളിച്ചുവരുത്തി ചര്‍ച്ചചെയ്ത് പ്രശ്നപരിഹാരം ഉണ്ടാക്കുമെന്നും ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

