പശുവിനെ പോസ്റ്റ്‍മോര്‍ട്ടം ചെയ്യുന്നതിന് കൈക്കൂലി വാങ്ങി; മൃഗഡോക്ടര്‍ റിമാന്‍റില്‍

മലപ്പുറം: മലപ്പുറത്ത് പശുവിനെ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലായ മൃഗഡോക്ടറെ റിമാന്‍റ് ചെയ്തു. അതേസമയം, ഡോക്ടറെ സംരക്ഷിക്കാനുള്ള ശ്രമവുമായി മൃഗഡോക്ടര്‍മാരുടെ സംഘടനയായ ഗവ. വെറ്ററിനറി ഓഫീസേഴ്സ് അസോസിയേഷന്‍ രംഗത്തെത്തി.
മലപ്പുറം കൂട്ടിലങ്ങാടി മൃഗാശുപത്രിയിലെ ഡോക്ടറായ അബ്ദുള്‍ നാസറിനെ തിങ്കളാഴ്ച വൈകിട്ടാണ് വിജിലന്‍സ് അറസ്റ്റിലായത്. പൂക്കോട് സ്വദേശിയായ പ്രവീണിന്‍റെ പശുവിനെ പോസ്റ്റ്മോര്‍ട്ടം ചെയ്തതിന് 2000 രൂപ വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്. കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. അറസ്റ്റിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് ഗവ. വെറ്ററിനറി അസോസിയേഷന്‍.

ഇത്തരത്തില്‍ ജോലി സമയത്തിന് പുറത്ത് പോസ്റ്റ്മോര്‍ട്ടം നടത്തിയാല്‍ 250 രൂപ വാങ്ങാമെന്നാണ് ചട്ടം. അബ്ദുള്‍ നാസര്‍ വാങ്ങിയതാകട്ടെ 2000 രൂപയും. 2000 രൂപ വാങ്ങിയത് കൈക്കൂലി തന്നെയാണെന്നാണ് വിജിലന്‍സ് എഫിഐആറില്‍ പറയുന്നത്.

