നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള ശ്രമത്തിനിടെ മുതിര്‍ന്ന പൗരന്റെ 57 ലക്ഷം രൂപ കവര്‍ന്നു

കയ്യിലിരുന്ന ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനായുള്ള ആലോചനകള്‍ക്കിടെ പുതിയ വീട് വാങ്ങാന്‍ തീരുമാനിച്ചതായിരുന്നു സിറാജ് ദലാല്‍. അതിനായി തന്റെ ബന്ധുവായ ഒരാളുടെ ജോലിക്കാരനായ ഉവാന്‍ അലിയുടെ സഹായത്താല്‍ മീരജ് അലി എന്നയാളെ പരിചയപ്പെട്ടു. മീരജ് ആവശ്യപ്പെട്ടതനുസരിച്ച് ഈമാസം 12 ന് പണവുമായി മുസ്ത്വഫ ബസാറിലെത്തി. ഉവാനും തന്റെ മകനും കൂടെയുണ്ടായിരുന്നു.
കാറിലെത്തിയ മീരജ് അലിയുടെ കൂടെ മറ്റു മൂന്നു പേരും ഉണ്ടായിരുന്നു. ബന്ധു ജോണിയും സുഹൃത്ത് സുഫിയാനും ഡ്രൈവറുമാണ് കൂടെയുള്ളതെന്നായിരുന്നു മീരജ് പരിചയപ്പെടുത്തിയത്.
നോട്ട് മാറ്റിയെടുക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലെന്നും പഴയ നോട്ടുകള്‍ ഉപയോഗിച്ച് പുതിയ വീട് വാങ്ങാന്‍ സഹായിക്കാമെന്നായിരുന്നു മീരജിന്റെയും സംഘത്തിന്റെയും വാഗ്ദാനം. പുതിയ വീട് വാങ്ങുന്നതിന് ഇപ്പോള്‍ തന്നെ ഉടമസ്ഥന് പണം നല്‍കണമെന്നും സംഘം പറഞ്ഞു.
അതിനിടെ അവരുമായി സംസാരിക്കുന്നതിന് ഏതാനും മീറ്റര്‍ അകലെ പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു കാറില്‍ കയറാനും ഇവരുടെ കാറില്‍ വെച്ചാല്‍ മതിയെന്നും പറഞ്ഞു. ഇതനുസരിച്ച് മീരജിന്റെ കാറില്‍ പണം വെച്ച് രണ്ടാമത്തെ കാറില്‍ കയറാന്‍ പുറത്തിറങ്ങി മുന്നോട്ട് നടക്കുന്നതിനിടെ ആ കാര്‍ ഓടിച്ചുപോകുകയായിരുന്നു. തിരിഞ്ഞുനൊക്കിയപ്പോള് മീരജിന്റെ സംഘം വന്ന കാര്‍ ഓടിച്ചു പോകുന്നത് കണ്ടു.
പിന്നീട് ഇവരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ചെയ്ത് നിലയിലായിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലെല്ലാം പലതവണ ഫോണ്‍ വിളിച്ചു നോക്കിയെങ്കിലും ഫലമുണ്ടായില്ല. മീരജ് അലിയുടെ വീട്ടിലും ആരുമുണ്ടായിരുന്നില്ല. തുടര്‍ന്നാണ് പോലീസില്‍ പരാതിപ്പെട്ടത്.
സംഭവത്തില്‍ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തതായും അന്വേഷണം പുരോഗമിച്ചു വരുന്നതായും ബൈക്കുള്ള പോലീസ് സ്റ്റേഷനിലെ സീനിയര്‍ പോലീസ് ഇന്‍സ്പെക്ടര്‍ അവിനാഷ് ഷിങ് ടെ പറഞ്ഞു.