നടന് ശ്രീനിവാസന്റെ ആരോഗ്യനില മെച്ചപ്പെട്ടു

കൊച്ചി: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന് ശ്രീനിവാസന്റെ ആരോഗ്യനില മെച്ചപ്പെട്ടു. 24 മുതല്‍ 48 മണിക്കൂര്‍ വരെ ഐ.സിയുവില്‍ തുടരുമെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. അദ്ദേഹത്തെ വെന്റിലേറ്ററില്‍നിന്നു മാറ്റിയതായും ഭാര്യയോടും സുഹൃത്തുക്കളോടും സംസാരിച്ചതായും അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് മോശം അവസ്ഥയായിരുന്നുവെങ്കിലും പിന്നാലെ ശരീരം മരുന്നുകളോട് പ്രതികരിച്ചു.
ഇന്നലെ രാവിലെ 9.30 ഓടെ പാലാരിവട്ടത്തെ സ്റ്റുഡിയോയില്‍ ഡബ്ബിംഗിനിടെ നെഞ്ചുവേദനയും ശ്വാസംമുട്ടലും അനുഭവപ്പെട്ട ശ്രീനിവാസന് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ച അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനം ദുര്‍ബലമായതോടെയാണ് ഇന്റന്‍സീവ് കൊറോണറി കെയര്‍ യൂണിറ്റിലേക്കു മാറ്റി ഉപകരണ സഹായത്തോടെ ശ്വാസം നല്‍കിയത്. ശ്വാസകോശത്തില്‍ ഫ്ലൂയിഡ് നിറഞ്ഞതും നീര്‍ക്കെട്ടുണ്ടായതുമാണ് ശ്രീനിവാസന്റെ ആരോഗ്യനിലയെ ബാധിച്ചത്.

