നഗരത്തിൽ പരിശോധന കർശനമാക്കാൻ ഒരുങ്ങി പോലീസ്
കോഴിക്കോട്: സർക്കാർ ടി.പി.ആർ. അനുസരിച്ചുള്ള നിയന്ത്രണം ഒഴിവാക്കിയതോടെ എല്ലാ കടകളും തുറന്നെങ്കിലും നഗരത്തിൽ പരിശോധന കർശനമാക്കാൻ ഒരുങ്ങുകയാണ് പോലീസ്. വാക്സിനേഷൻ സർട്ടിഫിക്കറ്റോ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ ഉള്ളവരാണ് കടകളിൽ എത്തുന്നതെന്ന് ഉറപ്പുവരുത്താൻ നഗരത്തിൽ എല്ലാ പോലീസ് സ്റ്റേഷൻ പരിധികളിലും പരിശോധനയുണ്ടാവും.

വാഹന പട്രോളിങ്ങിനു പകരം ഓരോ വ്യാപാരകേന്ദ്രങ്ങളും കേന്ദ്രീകരിച്ച് പരിശോധന നടത്താനാണ് തീരുമാനം. കടകൾക്ക് മുന്നിൽ ആൾക്കൂട്ടമുണ്ടായാലും കേസെടുക്കും. സർക്കാരിൻ്റെ പുതിയ നിബന്ധനകൾ ഉൾപ്പെടുത്തിയുള്ള സ്റ്റിക്കർ മിഠായിത്തെരുവിലെ മുഴുവൻ കടകളിലും പതിക്കാൻ ടൗൺ പോലീസ് നിർദേശം നൽകി.

