ദേശീയപാതയിലെ കുഴികള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു

താമരശ്ശേരി: ദേശീയപാതയിലെ കുഴികള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു. താമരശ്ശേരി കാരാടി കെ.എസ്.ആര്.ടി.സി.ടി ഡിപ്പോക്ക് സമീപമാണ് രാത്രി വാഹന യാത്രികര്‍ക്ക് അപകടമൊരുക്കുന്ന കുഴികളുള്ളത്. നിത്യേനെ കുഴികളില്‍ വാഹനങ്ങള്‍വീണ് അപകടമുണ്ടാകുന്നു. ചെറു വാഹനങ്ങളാണ് അധികവും ഈ കുഴികളില്‍ വീഴുന്നത്. രാത്രിയില്‍ ദേശീയപാതയിലെ സുഗമമായ സഞ്ചാരത്തിനിടയില്‍ ഈ കുഴികള്‍ പലപ്പോഴും ശ്രദ്ധയില്‍പെടാതെ പോവുന്നു.ഇതാണ് അപകടക്കെണിയായി മാറുന്നത്.
കഴിഞ്ഞദിവസം പുലര്‍ച്ച വയനാട്ടില്‍നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കാറ് അപകടത്തില്‍പെട്ടിരുന്നു. കുഴിയില്‍ വീണ കാര്‍ നിയന്ത്രണംവിട്ട് സമീപത്തെ മതിലിലിടിച്ചാണ് നിന്നത്. കാറില്‍ സഞ്ചരിച്ച രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എത്രയും വേഗം റോഡിലെ കുഴികളടക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

