തെയ്യം കലാകാരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ സ്റ്റേഷന് ഉപരോധിച്ചു

നാദാപുരം: ക്ഷേത്രത്തിലെ തിറമഹോത്സവത്തിനെത്തിയ തെയ്യം കലാകാരനെ പോലീസ് അറസ്റ്റ് ചെയ്തു. നടപടിയില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരും തെയ്യം കലാകാന്മാരും പോലീസ് സ്റ്റേഷന് ഉപരോധിച്ചു. പോലീസും ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരും തമ്മിലുണ്ടായ വാക് തര്‍ക്കം സ്റ്റേഷന്‍പരിസരം ഏറെസമയം സംഘര്‍ഷത്തിനിടയാക്കി. രാവിലെ 11 മണിയോടെയാണ് കല്ലാച്ചി ഉണ്ണ്യംനാട്ടില്‍ ക്ഷേത്രപരിസരത്താണ് സംഭവം.
തിറയാട്ടത്തിന് തെയ്യംകെട്ടാന്‍ വന്ന കലാകാരന് ചിയ്യൂര് കുറ്റിയില്‍ സജേഷിനെ (30) നെയാണ് നാദാപുരം എസ്.ഐ. കെ.പി. അഭിലാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞവര്‍ഷം ഓണംനാളില്‍ ഓണത്തപ്പനായി വേഷമിട്ട സജേഷിനെ ജാതിപ്പേര് വിളിച്ച് മര്‍ദിച്ചത് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.

സജേഷിനെ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി കെ.പി. രാജന്, കല്ലാച്ചി മേഖലാ സെക്രട്ടറി വി.പി. രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകരും തെയ്യം കലാകാരന്മാരും പോലീസ് സ്റ്റേഷന് മുമ്ബിലെത്തി. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഇവര്‍ പോലീസ് സ്റ്റേഷന് മുമ്പില്‍ കുത്തിയിരിപ്പ് സമരം നടത്തി. കുറ്റിയാടി സി.ഐ. ടി. സജീവന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് സംഘം സ്ഥലത്തെത്തി. വാറന്റ് കേസില്‍ പിടികൂടിയ പ്രതിയെ വിട്ടയയ്ക്കുന്ന പ്രശ്നമില്ലെന്ന ഉറച്ചനിലപാടിലായിരുന്നു പോലീസ്.

ഉപരോധംനടത്തുന്ന ഡി.വൈ.എഫ്.ഐ.ക്കാരെയും തെയ്യം കലാകാരമാരെയും അറസ്റ്റ് ചെയ്ത് ജയിലടയ്ക്കുമെന്ന പോലീസിന്റെ നിലപാട് പ്രശ്നം കൂടുതല്രൂക്ഷമാക്കി. തുടര്‍ന്ന് സി.പി.എം. ഏരിയാ സെക്രട്ടറി പി.പി. ചാത്തു സ്ഥലത്തെത്തി പോലീസ് ഉദ്യോഗസ്ഥരുമായി പ്രശ്നം ചര്‍ച്ചചെയ്തു. യഥാര്‍ഥ പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ ആരും എതിരു നിന്നിട്ടില്ലെന്നും തെയ്യം കലാകാരനെ ഉടന്‍ കോടതിയില്‍ ഹാജറാക്കണമെന്നും സി.പി.എം. നേതാക്കള്‍ പോലീസുമായുള്ള ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. പ്രകോപനപരമായി അറസ്റ്റുചെയ്ത പോലീസ് നടപടി ശരിയായില്ലെന്നും പോലീസ് ആര്.എസ്.എസിന് കീഴടങ്ങുന്ന രീതി ചെറുക്കുമെന്നും സമരക്കാരെ അഭിസംബോധനചെയ്ത് സി.പി.എം. ഏരിയാ സെക്രട്ടറി പി.പി. ചാത്തു പറഞ്ഞു. തുടര്‍ന്ന് പ്രകടനം നടത്തി സമരക്കാര്‍ പിരിഞ്ഞുപോയി. പിന്നാലെ പ്രതിയെ നാദാപുരം ഫസ്റ്റ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

