തിരുവനന്തപുരത്ത് വീട്ടമ്മയ്ക്ക് ആര്‍എസ്‌എസ് സംഘത്തിന്റെ ക്രൂരമര്‍ദനം

തിരുവനന്തപുരം: വനിതാമതിലില്‍ പങ്കെടുത്തു എന്നാരോപിച്ച് വീട്ടമ്മയെ ആര്‍എസ്‌എസുകാര്‍ മര്‍ദിച്ച‌് വസ‌്ത്രം വലിച്ചുകീറി. മുട്ടത്തറ വടുവൊത്ത് അശ്വതി (25)യെയാണ് ആര്‍എസ്‌എസ് ക്രിമിനല്‍ സംഘം മര്‍ദിച്ചത്. ഞായറാഴ്‌ച വൈകിട്ടാണ് സംഭവം. കിഴക്കേകോട്ട നടന്ന അയ്യപ്പസംഗമത്തില്‍ പങ്കെടുത്ത ശേഷം മദ്യപിച്ച് എത്തിയ രണ്ടംഗ സംഘമാണ് വനിതാമതിലില്‍ പങ്കെടുക്കുമോ എന്ന് ആക്രോശിച്ച് മര്‍ദിച്ചത്. മുഖത്ത് അടിക്കുകയും നൈറ്റി വലിച്ച് കീറുകയും തറയിലിട്ട് ചവിട്ടിതേയ‌്ക്കുകയും ചെയ്‌തു.
മര്‍ദനമേറ്റ അശ്വതി പൂന്തുറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും എസ്‌ഐ സജിന്‍ ലൂയിസ് നടപടി എടുത്തില്ല.രാത്രി എട്ടരയോടെ സിപിഐ എം കമലേശ്വരം ലോക്കല്‍ സെക്രട്ടറി വി ഷാജി സ്റ്റേഷനിലെത്തി അശ്വതിയുടെ മൊഴിയെടുത്ത് കേസെടുക്കണം എന്ന് ആവശ്യപ്പെട്ടെങ്കിലും നടപടി എടുക്കില്ലായെന്ന നിലപാടായിരുന്നു എസ്‌ഐയുടേത്. ഒടുവില്‍ നാട്ടുകാരും സിപിഐ എം പ്രവര്‍ത്തകരും പ്രതിഷേധം ഉയര്‍ത്തിയശേഷമാണ് എസ്‌ഐ മൊഴി എടുക്കാനും സംഭവസ്ഥലത്തേക്ക് പോകാനും തയ്യാറായത്. ഈ സമയം പ്രതികളായ ശ്രീജിത്ത്, കണ്ണപ്പന്‍ എന്നിവര്‍ സ്ഥലത്തെത്തി മറ്റൊരു സ്ത്രീയേയും മര്‍ദിച്ചു. എന്നിട്ടും പ്രതികളെ പിടിക്കാന്‍ എസ്‌ഐ തയ്യറായില്ല.

