തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി കോടതിയില്‍ കീഴടങ്ങി

കൊയിലാണ്ടി: താമരശ്ശേരി തച്ചംപൊയില്‍ ചീനിയാര്‍മണ്ണില്‍ നബിലിനെ (29) തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പോലീസ് തിരയുന്ന പ്രതി കോടതിയില്‍ കീഴടങ്ങി. അരങ്ങാടത്ത് കോയാന്റെ വളപ്പില്‍ വിഷ്ണുപ്രസാദാണ് പേരാമ്പ്ര കോടതിയില്‍ കീഴടങ്ങിയത്. കൂടുതല്‍ അന്വേഷണത്തിനായി പോലീസ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങി.
ഫിബ്രവരി 15-ന് രാത്രിയാണ് മുണ്ടോത്ത് പള്ളിക്ക് സമീപം നബിലിനുനേരേ ആക്രമണം നടന്നത്. കേസില്‍ കൊയിലാണ്ടി ബൈറുഹാഹ് മന്‍സില്‍ വീട്ടില്‍ മിസ്ഹബ് (22), വടകര കാരാപൊയില്‍ വീട്ടില്‍ ജിതിന്‍രാജ് (20), കൊയിലാണ്ടി വാവാച്ചിക്കണ്ടി അനുകൃഷ്ണന്‍ (19), നന്തി ഒടിയില്‍ വീട്ടില്‍ വിപിന്‍ (26) എന്നിവരെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ബൈക്ക് മോഷണക്കേസിലും ഇവര്‍ പ്രതികളാണ്. കൊയിലാണ്ടി സി.ഐ. ആര്‍. ഹരിദാസ്, എസ്.ഐ. ഒ.ജെ. ജോസഫ്, എ.എസ്.ഐ. ടി.സി. ബാബു, എസ്.സി.പി.ഒ.മാരായ പ്രദീപന്‍, എം.പി. ശ്യാം, കെ.കെ. ബിജു എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്.

