KOYILANDY DIARY.COM

The Perfect News Portal

ഗൗതം ദേവിൻ്റെ സ്മരണയിൽ ഇനി മൃണാൾ സഞ്ചരിക്കും.. ഉയരങ്ങളിലേക്ക്..

ഇനി മൃണാൾ സഞ്ചരിക്കും ഗൗതം ദേവിൻ്റെ ഓർമ്മയിൽ… ഉള്ള്യേരി: സ്കൂളിൽ പോവാനും നാടുകാണാനും ആഘോഷങ്ങളുടെ ഭാഗമാ മാകാനുമുള്ള മൃണാൾ കൃഷ്ണയുടെ അദമ്യമായ ആഗ്രഹം ഇനി മുതൽ സഫലമാകും.കക്കഞ്ചേരി ഗവ: യു പി സ്കൂളിലെ ഏഴാംതരം വിദ്യാർഥിയായ മൃണാൾ മസ്കുലാർ ഡിസ്ട്രോഫി കാരണം വർഷങ്ങളേറെ പുറത്തിറങ്ങാതെ കഴിച്ചുകൂട്ടുകയായിരുന്നു. ദേഷ്യവും സങ്കടവും ചാലിച്ച് തൻ്റെ ആഗ്രഹം പങ്കുവെക്കാറുണ്ടായിരുന്നെങ്കിലും വീട്ടിലേയ്ക്കുള്ള ദുർഘടമായ വഴിയും അനുയോജ്യ വാഹനത്തിൻ്റെ അഭാവവും നിമിത്തം കുടുംബം നിസ്സഹായാവസ്ഥയിലായിരുന്നു. അവനെ കാരുണ്യപൂർവം ചേർത്തു പിടിക്കാൻ പൂനത്ത് കൃഷ്ണാലയത്തിലെ ദേവേശൻ്റെ കുടുംബവും കക്കഞ്ചേരി പ്രദേശക്കാരും തയ്യാറായതോടെ തടസ്സങ്ങളെല്ലാം പഴങ്കഥകളായി.

അകാലത്തിൽ തങ്ങളെ വിട്ടു പോയ മകൻ ഗൗതം ദേവിൻ്റെ സ്മരണാർഥം ദേവേശനും അഞ്ജുവും നല്കിയ ഇലക്ട്രിക് വീൽ ചെയറിലാണ് മൃണാളിൻ്റെ ഇനി മുതലുള്ള സഞ്ചാരം.വീൽചെയറിനുള്ള സഞ്ചാര പാതയൊരുങ്ങിയത് കക്കഞ്ചേരിയിലെ സ്നേഹ ധനരുടെ അർപ്പണ മനോഭാവം മൂലമാണ്. നാട്ടുകാരുടെ അകമഴിഞ്ഞ സാമ്പത്തിക സഹായവും കഠിനാധ്വാനവും ഒത്തുചേർന്നപ്പോൾ രണ്ട്  ദിവസം കൊണ്ടാണ് സഞ്ചാര പാതയൊരുങ്ങിയത്.

ഇന്ന് നടന്ന ലളിതമായ ചടങ്ങിൽ ദേവേശനും കുടുംബവും ഇലക്ട്രിക് വീൽചെയർ മൃണാളിന് കൈമാറി. ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.എം ബാലരാമൻ മാസ്റ്റർ, ഷാജി എൻ. ബൽറാം, വി.ടി മനോജ്, ഇർഷാദ്, സി എം സന്തോഷ്, മജീദ് എന്നിവർക്കൊപ്പം പാത നിർമാണ ത്തിലേർപ്പെട്ടവരും സ്കൂൾ പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായി. ഇലക്ട്രിക് വീൽ ചെയറിലേറി പരസഹായമില്ലാതെയുള്ള മൃണാളിൻ്റെ ആദ്യ യാത്രയ്ക്കും അവൻ്റെ കണ്ണിലെ തിളക്കത്തിനും ഒത്തുകൂടിയ ഉറ്റവർ സാക്ഷികളായി.

Advertisements

Share news

Leave a Reply

Your email address will not be published. Required fields are marked *