ഗാന്ധിവധം പുനരാവിഷ‌്കരണം; ഹിന്ദുമഹാസഭാ ദേശീയ സെക്രട്ടറി പൂജാ പാണ്ഡേ അറസ്റ്റില്‍

അലിഗഡ്: ഗാന്ധിവധം പുനരാവിഷ‌്കരിച്ച കേസില്‍ ഹിന്ദുമഹാസഭാ ദേശീയ സെക്രട്ടറി പൂജാ പാണ്ഡേയേയും ഭര്‍ത്താവ് അശോക് പാണ്ഡയേയും ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ‌് ചെയ്തു. ഉത്തര്‍പ്രദേശിലെ താപ്പലില്‍ നിന്നുമാണ് ഇരുവരും പിടിയിലായത്. അതേ സമയം സംഭവത്തിലെ മുഖ്യപ്രതി പൂജ ശകുന്‍ പാണ്ഡേ ഒളിവിലാണ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയുടെ നേതൃത്വത്തിലാണ‌് ഗാന്ധിജിയുടെ കോലത്തിനുനേരെ കൃത്രിമ തോക്കു ഉപയോഗിച്ച് വെടിയുതിര്‍ത്തത‌്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. തുടര്‍ന്ന‌്, ഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ‌്സെയുടെ ചിത്രത്തില്‍ മാലചാര്‍ത്തുകയും മധുരവിതരണം നടത്തുകയും ചെയ‌്തു. സംഭവത്തില്‍ 13 പേര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരം 147, 148, 149 വകുപ്പുകള്‍ ചുമത്തി പൊലീസ‌് കേസ‌് എടുത്തിരുന്നു.

