കോഴിക്കോട് ബീച്ചിൽ 12 കടകൾ അടപ്പിച്ചു

കോഴിക്കോട്: ബീച്ചിലെ 53 തട്ടുകടകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പും, കോർപറേഷൻ ആരോഗ്യ വിഭാഗവും ചേർന്ന് പരിശോധന നടത്തി. ഭക്ഷ്യ സുരക്ഷാ നിയമം പാലിക്കാതെ പ്രവർത്തിച്ച 12 കടകൾ താൽക്കാലികമായി അടപ്പിച്ചു. 17 കടകളിൽ നിന്ന് മാനദണ്ഡങ്ങൾ പാലിക്കാതെ സൂക്ഷിച്ച 35 ലിറ്റർ അസറ്റിക് ആസിഡ് പിടിച്ചെടുത്ത് നശിപ്പിച്ചു. മാനദണ്ഡങ്ങൾ പാലിക്കാതെ സൂക്ഷിച്ച 17 ബ്ലോക്ക് ഐസ് പിടിച്ചെടുത്ത് നശിപ്പിച്ചു. എട്ട് കടകൾക്ക് കോമ്പൗണ്ടിങ് നോട്ടീസ് നൽകി. മൊബൈൽ ലാബിൻ്റെ സഹായത്തോടെ 18 സാമ്പിളുകളിൽ മിനറൽ ആസിഡിൻ്റെ സാന്നിധ്യം പരിശോധിച്ചു. എന്നാൽ മിനറൽ ആസിഡിൻ്റെ സാന്നിധ്യം കണ്ടെത്തിയില്ല. വരും ദിവസങ്ങളിലും പരിശോധന ഊർജിതമായി തുടരുമെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റൻ്റ് കമീഷണർ കെ. കെ. അനിലൻ അറിയിച്ചു. കഴിഞ്ഞ ദിവസം ബീച്ചിലെ തട്ടുകടയിൽ നിന്ന് വെളളമെന്ന് കരുതി ആസിഡ് കുടിച്ചതിനെ തുടർന്ന് പൊളളലേറ്റ സംഭവത്തിൽ കോർപ്പറേഷൻ ആരോഗ്യ വിഭാഗം പരിശോധന കർശനമാക്കിയിരുന്നു.

