കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനോട് തികഞ്ഞ അവഗണന

കൊയിലാണ്ടി : ആയിരക്കണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ വികസന മുരടിപ്പില്‍. പദവിയില്‍ ബി ക്ളാസാണെങ്കിലും സി ക്ളാസിന്റെ വികസനം പോലും ഇവിടെയില്ലെന്നാണ് പരാതി. ഇതുവഴി കടന്നുപോകുന്ന തീവണ്ടികളില്‍ നാല്‍പ്പപതു ശതമാനത്തിനും ഇവിടെ സ്റ്റോപ്പില്ല. വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്സ്, നേത്രാവതി തുടങ്ങി ഇന്റര്‍സിറ്റി എക്സ്പ്രസ്സ് വരെയുള്ള വണ്ടികള്‍ക്ക് ഇവിടെ സ്റ്റോപ്പ് അനുവദിക്കണമെന്നത് വര്‍ഷങ്ങളായുള്ള ജനങ്ങളുടെ മുറവിളിയാണ്.
രാവിലെ പത്തേകാല്‍ മുതല്‍ ഒരു മണിവരെ കണ്ണൂര്‍ ഭാഗത്തേക്ക് ഒരു വണ്ടിയുമില്ല. കോഴിക്കോട് ഭാഗത്തേക്കാണെങ്കില്‍ പകല്‍ 12–15 ന്റെ മംഗലാപുരം– കോയമ്പത്തൂര്‍ പാസഞ്ചര്‍ പോയിക്കഴിഞ്ഞാല്‍ 4–15 ന്റെ കണ്ണൂര്‍– കോഴിക്കോട് ലോക്കല്‍ വരുന്നതുവരെ വണ്ടിയൊന്നുമില്ല. ഇതിനിടയില്‍ രണ്ട് ഇന്റര്‍ സിറ്റി എക്സപ്രസ്സുകളുണ്ടെങ്കിലും രണ്ടും കൊയിലാണ്ടിയില്‍ സ്റ്റോപ്പില്ലാത്തവയാണ്്. സ്റ്റോപ്പില്ലെങ്കിലും ലൈന്‍ ക്ളിയറാക്കാനായി അധിക ദിവസവും ഇന്റര്‍ സിറ്റി ഇവിടെ നിര്‍ത്തിയിടാറുള്ളത് ആശ്വാസകരമാണ്. സി ക്ളാസ് പദവിയിലുള്ള താനൂരില്‍ ഇന്റര്‍സിറ്റിക്ക് സ്റ്റോപ്പനുവദിക്കാന്‍ റെയില്‍വേ അധികൃതര്‍ തയ്യാറായിട്ടുണ്ട്. മുഴുവന്‍സമയം റിസര്‍വേഷന്‍ ഇല്ലാത്ത സ്റ്റേഷനാണ് കൊയിലാണ്ടി. അതിനാല്‍ ഇതിനായി കോഴിക്കോടോ വടകരയോ ആശ്രയിക്കണം.

രാവിലെ എട്ടര മുതല്‍ ഒമ്പതര വരെയുള്ള ബുക്കിങ് സമയത്തിനുശേഷം പിന്നീട് പകല്‍ 12. 30നാണ് ബുക്കിങ് തുടങ്ങുക. തുടര്‍ച്ചയായി ബുക്കിങ് അവസരമുണ്ടെങ്കില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുകയും വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ എ ക്ളാസ് പദവി ലഭിക്കാനും സാധ്യതയുണ്ട്. പേരാമ്പ്ര ടിക്കറ്റ് ബുക്ക്ചെയ്യുന്ന പ്രത്യേക കൌണ്ടര്‍ റെയില്‍വേ അനുവദിച്ചിട്ടുണ്ട്. ഇവിടെ നിന്നുള്ള വില്‍പ്പന വടകര റെയില്‍വേ സ്റ്റേഷന്റെ കണക്കിലാണ് ഉള്‍പ്പെടുത്തുന്നത്.

ടിക്കറ്റ് കൌണ്ടര്‍ അടക്കം റെയില്‍വേ സ്റ്റേഷനിലെ കെട്ടിടത്തിന്റെ പ്രവൃത്തി പാതിവഴിയില്‍ നിന്നുപോയിട്ട് ഏതാണ്ട് ആറുമാസത്തിലധികമായി. കരാറുകാര്‍ തിരിച്ചുവന്നിട്ടുണ്ടെന്നും പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്നുമാണ് അധികൃതര്‍ പറയുന്നത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ സ്ഥലം റെയില്‍വേക്ക് സ്വന്തമായിട്ടുള്ള കൊയിലാണ്ടിയില്‍ കാലാനുസൃത വികസനം കൊണ്ടുവരാന്‍ അധികൃതര്‍ തയ്യാറാകാത്തതില്‍ ശക്തമായ പ്രതിഷേധമുണ്ട്.

