കൊയിലാണ്ടി ഗേൾസ് സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം: ഒരുവട്ടം കൂടി

കൊയിലാണ്ടി: സുവർണ്ണ ജൂബിലി പിന്നിട്ട കൊയിലാണ്ടി ഗേൾസ് എച്.എസ്.സ്കൂളിലെ സഹപാഠികൾ ഒരുമിക്കുന്നു. 1962 മുതൽ 72 പ്രഥമ ബാച്ചിലെ വിദ്യാത്ഥികളാണ് നവം : 11 ന് ” ഒരുവട്ടം കൂടി ” പദ്ധതിയിലൂടെ കലാലയത്തിന്റെ തിരുമുറ്റത്ത് ഒത്ത് ചേരുന്നത്.
പഠനകാലയളവിലെ അനുഭവങ്ങൾ പങ്ക് വെക്കുന്നതിനായി ജീവിത സയാഹ്നത്തിൽ എത്തിയ മുന്നൂറോളം പേരാണ് ഈ പെൺപള്ളിക്കൂടത്തിലെത്തുന്നത്. പ്രീ പ്രൈമറി സ്കൂളായിരുന്ന ഈ വിദ്യാലയം 1961 ൽ ഗേൾസ് ഹൈസ്കൂളായി മാറുകയായിരുന്നു.

പരിപാടിയുടെ ഉദ്ഘാടനം നവംബർ 11ന് രാവിലെ 9.30ന് മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി നിർവ്വഹിക്കും. കെ.ദാസൻ.എം.എൽ.എ, നഗരസഭ ചെയർമാൻ അഡ്വ: കെ.സത്യൻ, വാർഡ് കൗൺസിലർ പി.എം. ബിജു എന്നിവർ മുഖ്യാതിഥികളാകും. പി.ടി.എ.പ്രസിഡണ്ട് എ. സജീവ് കുമാർ, പ്രിൻസിപ്പൾ എ.പി. പ്രബീത്, എച്ച്.എം. മൂസ മേക്കുന്നത്ത്, പി.ടി.എ. വൈസ് പ്രസിഡണ്ട് അൻസാർ കൊല്ലം തുടങ്ങിയവർ ആശംസകൾളർപ്പിച്ച് സംസാരിക്കും.

പുർവ്വവിദ്യാത്ഥികളായ പി. രത്നവല്ലി ചെയർമാനും, വി. കമലാക്ഷി ജനറൽ കൺവീനറുമായ ഒരു വനിത കൂട്ടായ്മയാണ് സംഘാടക സമിതിയായി പ്രവർത്തിക്കുന്നത്.

