കൈത്തോക്കുമായി ഗുണ്ടാനേതാവ് അറസ്റ്റിൽ

പെരുമ്പാവൂര്‍: ആശുപത്രി കിടക്കയുടെ അടിയില്‍ സൂക്ഷിച്ചിരുന്ന കൈത്തോക്കുമായി ഗുണ്ടാനേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നെടുംതോട് പുത്തന്‍പുര അനസ് എന്ന അന്‍സീറാണ് കഴിഞ്ഞ ദിവസം പോലീസിന്റെ പിടിയിലായത്. പനി ബാധിച്ച് ചികില്‍സയിലായിരുന്ന ഇയാള്‍ വെങ്ങോല വലിയകുളം ചിയാട്ട് സി.എസ്. ഉണ്ണികുട്ടനെ മംഗലുരുവില്‍ കൊലപ്പെടുത്തിയ കേസിലും പൂക്കടശേരി റഹീം വധശ്രമം ഉള്‍പ്പെടെ ഒട്ടേറെ കേസുകളിലും പ്രതിയാണ്. ജാമ്യത്തിലിറങ്ങിയിരുന്ന ഇയാളില്‍ നിന്നും പിസ്റ്റള്‍ ഇനത്തിലെ തോക്കാണ് കണ്ടെടുത്തത്. വെടിയുണ്ടകള്‍ നിറച്ച നിലയിലായിരുന്നു തോക്കുണ്ടായിരുന്നത്.
സെപ്തംബറില്‍ മംഗലുരുവില്‍ വെങ്ങോല സ്വദേശി ചിയാട്ട് സി.എസ്. ഉണ്ണിക്കുട്ടനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ ആസൂത്രകനായ അനസ് കളമശേരി ബസ് കത്തിക്കല്‍ ഉള്‍പ്പെടെ തീവ്രവാദ കേസുകളിലും പ്രതിയാണ്. സ്വര്‍ണക്കവര്‍ച്ച ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ഇയാള്‍ക്ക് തീവ്രവാദ കേസില്‍ ജയിലില്‍ കഴിയുന്ന തടിയന്റവിട നസീറുമായി ബന്ധമുള്ളതായും പോലീസ് പറഞ്ഞു.

മദ്യവും മയക്കുമരുന്നും നല്കി വശത്താക്കിയ 250 ചെറുപ്പക്കാര്‍ ഇയാളുടെ സംഘത്തിലുണ്ടെന്നാണ് വിവരം. ഇവരുടെ ശരീരത്തില്‍ അനസ് എന്നു പച്ചകുത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഏഴ് തിര നിറയ്ക്കാവുന്ന ‘മെയ്ഡ് ഇന്‍ ഇംഗ്ലണ്ട്’ എന്നു രേഖപ്പെടുത്തിയിരിക്കുന്ന തോക്കാണ് ഇയാളില്‍ നിന്നും ലഭിച്ചിടട്ടുള്ളത്. മൂവാറ്റുപുഴ മജിസ്ട്രേറ്റിനു മുന്നില്‍ പ്രതിയെ ഹാജരാക്കി റിമാന്‍ഡ് ചെയ്തെങ്കിലും കുഴഞ്ഞുവീണതിനെ തുടര്‍ന്നു എറണാകുളം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

