KOYILANDY DIARY.COM

The Perfect News Portal

കേരള ചരിത്രത്തില്‍ ആദ്യമായി ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുന്നത് നാല് ട്രാന്‍സ്ജെന്‍ഡര്‍ പ്രതിനിധികൾ

കോഴിക്കോട്: കോഴിക്കോട് ആരംഭിച്ച ഡിവൈഎഫ്‌ഐ 14ാമത് സംസ്ഥാന സമ്മേളനം കേരളത്തിലെ യുവജനസംഘടനാ ചരിത്രത്തില്‍ പുതിയൊരു അധ്യായം എഴുതിച്ചേര്‍ക്കുകയാണ്. അത് സമ്മേളനത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ പ്രാതിനിത്യമാണ്. 4 ട്രാന്‍സ് ജെന്‍ഡറുകളാണ് ഇത്തവണ ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധകളായി പങ്കെടുക്കുന്നത്. കേരളത്തിലെ യുവജനസംഘടനാ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സംഘടനയുടെ സംസ്ഥാന സമ്മേളനത്തില്‍ ഇത്തരം പ്രതിനിധികള്‍ പങ്കെടുക്കുന്നത്.

തിരുവനന്തപുരത്ത് നിന്നുള്ള പ്രതിനിധികളായ ശ്യാമ, കാര്‍ത്തിക, പത്തനംതിട്ടയില്‍ നിന്നുള്ള ശിഖ, തൃശൂരില്‍ നിന്നുള്ള നന്ദന പാറു എന്നിവരാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധകളായി പങ്കെടുത്തുകൊണ്ടിരിക്കുന്നത്. കോഴിക്കോട് ടാഗോര്‍ ഹാളില്‍ ഇന്നലെ രാവിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി സായ്‌നാഥാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.

സാമൂഹ്യ നീതി വകുപ്പിന് കീഴിലെ ട്രാന്‍സ്‌ജെന്‍ഡേഴസ് സെല്ലിലെ സംസ്ഥാന കോ ഓര്‍ഡിനേറ്ററും ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ കമ്മറ്റി അംഗവുമാണ് ശ്യാമ എസ് പ്രഭ. തങ്ങളെപോലുള്ളവരെ സമ്മേളനത്തില്‍ പ്രതിനിധികളായി പങ്കെടുപ്പിക്കാന്‍ ഡിവൈഎഫ്‌ഐ എടുത്ത തീരുമാനം ധീരമായതാണെന്ന് ശ്യാമ പറയുന്നു. എല്ലാവരെയും പോലെ ഞങ്ങള്‍ക്കും നിലപാടുകളും രാഷ്ട്രീയവുമുണ്ട്. അത് തുറന്ന് പറയാനുള്ള വേദിയായിട്ടാണ് ഈ സമ്മേളനത്തെയും യുവജനസംഘടയെയും കാണുന്നത്. തങ്ങളുടേതായ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനും അതിന്റെ പരിഹാര മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ചചെയ്യാനും ഇത്തരത്തില്‍ വേദിയൊരുങ്ങുന്നതില്‍ സന്തോഷമുണ്ട്. സമൂഹത്തില്‍ നിന്നും വീട്ടില്‍ നിന്നുപോലും ഞങ്ങളെപോലുള്ളവരെ അവഗണിക്കുമ്ബോള്‍ ചേര്‍ത്ത് നിര്‍ത്താനുള്ള ഡിെൈവഎഫ്‌ഐ എടുത്ത ധീരമായ തീരുമാനം എന്നും ഓര്‍ക്കപ്പെടും. ശ്യാമ എസ് പ്രഭ പറയുന്നു.

Advertisements

തിരുവനന്തപുരത്ത് നിന്ന് തന്നെയുള്ള മറ്റൊരു പ്രതിനിധിയാണ് കാർത്തിക. രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് കാര്‍ത്തിക് തന്റെ സ്വത്വം തിരിച്ചറിഞ്ഞ് ശസ്ത്രക്രിയയിലൂടെ കാര്‍ത്തികയായി മാറുന്നത്. വിവിധ കോണുകളില്‍ നിന്നുള്ള എതിര്‍പ്പുകളെ മറികടന്നാണ് കാര്‍ത്തിക ഇന്ന് കോഴിക്കോടെത്തിയത്. എല്ലായിടത്തും നിന്നും അവഗണനകളും പരിഹാസങ്ങളും ഏറ്റുവാങ്ങി ജീവിതം വഴിമുട്ടിയപ്പോള്‍ ഡിവൈഎഫ്‌ഐ ആണ് തങ്ങള്‍ക്ക് അഭയമേകിയതെന്ന് കാര്‍ത്തിക പറയുന്നു.

തിരുവനന്തപുരം കോര്‍പറേഷനിലെ കുന്നുകുഴി വാര്‍ഡ് കൗണ്‍സിലര്‍ ഐപി ബിനുവാണ് തങ്ങള്‍ക്ക് കുടുംബശ്രീ യൂണിറ്റ് തുടങ്ങാനുള്ള സഹായങ്ങള്‍ ചെയ്ത് തന്നത്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്ന് വരാനും ഡിവൈഎഫ്‌ഐ മാനസികമായ കരുത്ത് നല്‍കി. ആദ്യമായാണ് ഇത്തരത്തിലൊരു സമ്മേളനത്തില്‍ പങ്കെടുക്കുന്നത് ഉപജീവനമാണ് ട്രാന്‍സ്ജെന്‍ഡറുകള്‍ നേരിടുന്ന പ്രധാന പ്രശ്‌നം. അത്തരം പ്രശ്‌നങ്ങളൊക്കെ സമ്മേളനത്തില്‍ അവതരപ്പിക്കും. കാര്‍ത്തിക പറഞ്ഞു.

ലോകത്ത് സ്ത്രീയും പുരുഷനും മാത്രമല്ല ട്രാന്‍സ്‌ജെന്‍ഡര്‍ എന്നൊരുവിഭാഗവും ഉണ്ട്. അവര്‍ക്ക് അവരുടേതായൊരു ലോകവും കാഴചപ്പാടുകളും അവകാശങ്ങളുമുണ്ടെന്ന തിരിച്ചറിവില്‍ നിന്നാണ് ഈ സമ്മേളനത്തില്‍ അവരെ കൂടി പ്രതിനിധികളായി പങ്കെടുപ്പിക്കുന്നതിനുള്ള തീരുമാനമെടുത്തത്. അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും പരിഹരിക്കാനും സമൂഹം ബാധ്യസ്ഥരാണ്. തൊഴില്‍, വിദ്യാഭ്യാസം പുനരധിവാസം, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവയൊക്കെ ഇന്നും അവരില്‍ പലര്‍ക്കും അന്യമാണ്. ഇതെല്ലാം പരിഹരിക്കപ്പേടേണ്ടതുണ്ടെന്ന ബോധ്യമാണ് സംഘടനക്കുള്ളതെന്ന് ഡിവൈഎഫ്‌ഐ നേതാക്കള്‍ വ്യക്തമാക്കുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *