KOYILANDY DIARY

The Perfect News Portal

കുഫ്രി- സിംലയുടെ മഞ്ഞ്‌ തൊപ്പി

മഞ്ഞിന്റെ മനോഹാരിത ആസ്വദിക്കാനാഗ്രഹിക്കുന്നവര്‍ ഒരിക്കലെങ്കിലും ഹിമാചല്‍പ്രദേശിന്റെ തലസ്ഥാനമായ സിംലയില്‍ എത്താതിരിക്കില്ല. മഞ്ഞില്‍ കുളിച്ച്‌ സിംലമാത്രമല്ല ഇവിടെ സന്ദര്‍ശകര്‍ക്ക്‌ വിരുന്നൊരുക്കിയിരിക്കുന്നത്‌. മഞ്ഞിനും മരങ്ങള്‍ക്കും ഇടയില്‍ സാഹസികതയുടെ വലിയ ലോകം തുറന്നുവച്ചുകൊണ്ടൊരു ചെറിയ നഗരം ഉണ്ടിവിടെ. സിംലയുടെ മഞ്ഞ്‌ തൊപ്പി എന്നു വിശേഷിപ്പിക്കാവുന്ന കുഫ്രി

മഞ്ഞ്‌ മലനിരകളിലൂടെ സാഹസിക യാത്ര ഇഷ്‌ടപ്പെടുന്നവര്‍ ഒരിക്കലും സിംല സന്ദര്‍ശിക്കുന്ന വേളയില്‍ കുഫ്രി ഒഴിവാക്കരുത്‌. സിംലയില്‍ നിന്നും 13കിലോമീറ്റര്‍ ദൂരം മാത്രമെ കുഫ്രിയിലേയ്‌ക്കുള്ളു. സമുദ്ര നിരപ്പില്‍ നിന്നും 2,743 മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന കുഫ്രിയ്‌ക്ക്‌ ആ പേര്‌ ലഭിക്കുന്നത്‌ തടാകമെന്ന അര്‍ത്ഥം വരുന്ന കുഫിര്‍ എന്ന വാക്കില്‍ നിന്നാണത്രെ. കുഫ്രിയിലെ മഞ്ഞ്‌ തന്നെ ഒരു കാഴ്‌ചയാണ്‌. ഇതിന്‌ പുറമെ സന്ദര്‍ശകര്‍ക്ക്‌ ഏര്‍പ്പെടാവുന്ന സാഹസിക വിനോദങ്ങളും ഏറെയാണ്‌. മഹസു കൊടുമുടി, ഗ്രേറ്റ്‌ ഹിമായന്‍ നേച്ചര്‍ പാര്‍ക്ക്‌, ഫഗു തുടങ്ങിയവയാണ്‌ കുഫ്രിയിലേക്ക്‌ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍.

180 തിലേറെ ഇനത്തിലുള്ള പക്ഷിമൃഗാദികളുടെ വാസ സ്ഥലമാണ്‌ ഗ്രേറ്റ്‌ ഹിമാലയന്‍ നേച്ചര്‍ പാര്‍ക്ക്‌. കുഫ്രിയില്‍ നിന്നും ആറ്‌ കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ഫഗു മതപരാമായി ഏറെ പ്രധാന്യമുള്ള സ്ഥലമാണ്‌. മല നിരകളാല്‍ ചുറ്റപ്പെട്ടിരിക്കുന്ന ഈ പ്രദേശത്ത്‌ നിരവധി ക്ഷേത്രങ്ങള്‍ ഉണ്ട്‌. മരങ്ങളില്‍ തീര്‍ത്ത ഈ ക്ഷേത്രങ്ങളിലെ കൊത്തുപണികള്‍ വളരെ ആകര്‍ഷണീയമാണ്‌. ഈ കാഴ്‌ചകള്‍ക്ക്‌ പുറമെ സാഹസിക യാത്ര ഇഷ്‌പ്പെടുന്നവര്‍ക്ക്‌ വേണ്ടെതെല്ലാം ഫഗു ഒരുക്കുന്നുണ്ട്‌.

Advertisements

മഞ്ഞ്‌ പൊതിഞ്ഞ മലനിരകളിലൂടെയുള്ള ദീര്‍ഘ ദൂര യാത്രയ്‌ക്കും ട്രക്കിങ്ങിനും ഏറെ പ്രശസ്‌തമാണ്‌ ഫഗു. ഇതിനു പുറമെ ശാതന്ത ആസ്വാദിക്കാന്‍ ഇവിടെ താവളമടിക്കാനാഗ്രഹിക്കുന്നവര്‍ക്ക്‌ അതിനുള്ള സൗകര്യം ലഭ്യമാകും. സ്‌കീയിങ്‌, കുതിര സവാരി, ടോബോഗ്ഗാനിങ്‌, ഗോ-കാര്‍ട്ടിങ്‌ തുടങ്ങി മഞ്ഞിനുള്ളില്‍ ചെയ്യാനാഗ്രഹിക്കന്ന എല്ലാ സാഹസികതയ്‌ക്കും കുഫ്രി അവസരം ഒരുക്കുന്നുണ്ട്‌. വഴികളിലേറെയും മഞ്ഞ്‌ മൂടി കിടക്കുന്നതിനാല്‍ യാത്രയ്‌ക്ക്‌ കൂടുതലായും കുതിരകളെയാണ്‌ ഇവിടെ ഉപയോഗിക്കുന്നത്‌. മഞ്ഞിന്‍ മലനിരകളിലൂടെ കുതിരപ്പുറത്തൊരു സവാരി കുഫ്രിയില്‍ നിന്നും തിരികെയെത്തിയാലും മനസ്സില്‍ നിന്നും മായില്ല.