കിഫ്ബിയെ അടുത്തറിയാൻ കാസര്‍ഗോഡ് സ്പീഡ് വേ ഗ്രൗണ്ടില്‍ പ്രദര്‍ശനം സംഘടിപ്പിക്കുന്നു
കാസര്‍ഗോഡ്: കിഫ്ബിയെ അടുത്തറിയാനായി 28 മുതല്‍ 30 വരെ കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ സ്പീഡ് വേ ഗ്രൗണ്ടില്‍ പ്രദര്‍ശനം സംഘടിപ്പിക്കുന്നു. 28 ന് വൈകിട്ട് 3ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. പ്രദര്‍ശനമേളയുടെ ഉദ്ഘാടനം മന്ത്രി ഇ.ചന്ദ്രശേഖരന് നിര്‍വഹിക്കും. മന്ത്രി ടി.എം.തോമസ് ഐസക് അദ്ധ്യക്ഷത വഹിക്കും. രാത്രി ഏഴുമണി മുതല്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ഡോ.ജി.എസ്.പ്രദീപിന്റെ പ്രശ്നോത്തരിയും കാസര്‍കോട് ജില്ലയിലെ പ്രവാസികള്‍ക്കായി ഓണ്‍ലൈന്‍ ടെലി പ്രവാസി ക്വിസ് മത്സരവും നടക്കും.
29 ന് പ്രധാന വേദിയില്‍ രാവിലെ 10 മുതല്‍ രാത്രി എട്ടു വരെ സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ പ്രദര്‍ശനം നടക്കും. രാവിലെ 10 മുതല്‍ 12.30 വരെ സാങ്കേതിക വിഷയങ്ങളിലെ പ്രഭാഷണവും ചര്‍ച്ചയും. ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകിട്ട് അഞ്ച് വരെ ഗ്രാന്‍ഡ് മാസ്റ്റര്‍ ഡോ.ജി.എസ്. പ്രദീപ് നയിക്കുന്ന പ്രശ്നോത്തരി. രാത്രി 7 ന് കലാസന്ധ്യ.
മാദ്ധ്യമവേദിയില് രാവിലെ 10 മുതല്‍ 12.30 വരെ കോളേജ് വിദ്യാര്‍ത്ഥികളുടെ പ്രബന്ധാവതരണവും സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ഉപന്യാസ മത്സരവും നടക്കും. ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ അഞ്ചു വരെ ചര്‍ച്ചകള്‍ നടക്കും. 30 ന് രാവിലെ 10 മുതല്‍ രാത്രി എട്ടു വരെ സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ പ്രദര്‍ശനം. ജില്ലയിലെ എം.എല്‍.എമാര്‍, വകുപ്പദ്ധ്യക്ഷന്മാര്, കിഫ്ബി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കുന്ന നിയമസഭാ മണ്ഡലം തിരിച്ചുള്ള കിഫ്ബി പദ്ധതികളുടെ അവലോകനവും രാവിലെ 10 ന് ആരംഭിക്കും.

ഉച്ചയ്ക്ക് 2 ന് കാസര്‍കോട് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബു ജില്ലയുടെ 10 വികസന പദ്ധതികള്‍ അവതരിപ്പിക്കും. തുടര്‍ന്ന് തിരഞ്ഞെടുക്കപ്പെട്ട വ്യക്തികള്‍ കാസര്‍കോടിന്റെ വികസന കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കും. വൈകിട്ട് ആറിന് കലാസന്ധ്യ.

