KOYILANDY DIARY.COM

The Perfect News Portal

കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായ ഇ ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു

തിരുവനന്തപുരം : മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായ ഇ ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു. 89 വയസ്സായിരുന്നു. ബുധനാഴ്ച 12.20 ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ബുധനാഴ്ച ചന്ദ്രശേഖരന്‍ നായരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

നായനാര്‍ മന്ത്രിസഭയിലെ ഭക്ഷ്യം, പൊതുവിതരണം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുള്ള ജനസമ്മതനായ നേതാവാണ് ചന്ദ്രശേഖരന്‍ നായര്‍. ഇദ്ദേഹത്തിന്റെ കാലത്താണ് പൊതുവിതരണ രംഗത്ത് പ്രശസ്തി നേടിയ മാവേലി സ്റ്റോറുകള്‍ തുടങ്ങിയത്. പത്താം നിയമസഭയില്‍ ഭക്ഷ്യം, ടൂറിസം, നിയമം എന്നീ വകുപ്പുകള്‍ ഇദ്ദേഹം കൈകാര്യം ചെയ്തിരുന്നു. മനോരമ നായരാണ് ഭാര്യ. മക്കള്‍: ഗീത, ജയചന്ദ്രന്‍.
സിപിഐയുടെ ദേശീയ നിര്‍വാഹക സമിതിയംഗം, കൊല്ലം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, അഖിലേന്ത്യ സഹകരണ ബാങ്ക് ഫെഡറേഷന്റെ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എ ഈശ്വരപിള്ളയുടെയും മീനാക്ഷിയമ്മയുടേയും മകനായി 1928 ഡിസംബര്‍ രണ്ടിനാണ് ജനിച്ചത്. നിയമ ബിരുദം നേടിയ ശേഷം അഭിഭാഷകനായി. 1948 ല്‍ ഇന്ത്യന്‍ സോഷ്യലിസ്റ്റ് പാര്‍ടിയില്‍ ചേര്‍ന്നു. 1952 മുതല്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി അംഗമാണ്. 1957 ല്‍ കൊട്ടാരക്കരയില്‍ നിന്ന് നിയമസഭ അംഗമായി. 1967ല്‍ രണ്ടാം തവണയും കൊട്ടാരക്കരയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു.

സി അച്ചുതമേനോന്‍ നിയമസഭയിലേക്ക് മത്സരിക്കാനായി 1970 ഫെബ്രുവരി 1 ന് നിയമസഭാ അംഗത്വം രാജിവെച്ചു. 1980 മുതല്‍ 82 വരെ നായനാര്‍ മന്ത്രിസഭയില്‍ ഭക്ഷ്യവിതരണം, ഭവന നിര്‍മ്മാണം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു. 1987 ല്‍ പത്താനപുരത്ത് നിന്ന് വീണ്ടും നിയമസഭാംഗമായി. 87 മുതല്‍ 91 വരെ നായനാര്‍ മന്ത്രിസഭയില്‍ ഭക്ഷ്യ, സിവില്‍ സപ്ളൈസ് മന്ത്രിയായി. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റി അംഗമാണ്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *