KOYILANDY DIARY

The Perfect News Portal

ഒരു ഇന്ത്യന്‍ സമൂസ കഥ!

സമൂസ എന്ന് തിരിച്ചും മറിച്ചും വായിക്കാവുന്ന മൂന്നക്ഷരങ്ങളില്‍ അറിയപ്പെടുന്ന പലഹാരത്തെ അറിയാത്ത ആരും ഉണ്ടാകില്ല. ത്രികോണ ആകൃതിയില്‍ ഏത് കോണിലും കടിച്ച് തീറ്റ ആരംഭിക്കാവു‌ന്ന സമൂസയേക്കുറിച്ച്.

ആദിയില്‍ സമ്പോസയായിരുന്നു

ഇന്ത്യയില്‍ സമൂസ കിട്ടാത്ത നാട് ഉണ്ടാകില്ലെങ്കിലും സമൂസ ഇന്ത്യക്കാ‌രനല്ല. മധ്യ ഏഷ്യയില്‍ പത്താം നൂറ്റാണ്ട് മുതലെ സമ്പോസ എന്ന പേരില്‍ സമൂ‌സ പ്രചരിച്ചിരുന്നുവെന്ന് സമൂസയേക്കുറിച്ച് ആധികാരികമായി പഠനം നടത്തിയ ബുദ്ധി ജീവികള്‍ പറയുന്നുണ്ട്.

Advertisements

സമൂസ ഇന്ത്യയിലേക്ക്

മധ്യ ഏഷ്യയില്‍ നിന്ന് വ്യാപര ആവശ്യത്തിന് വന്നവരാണ് സമൂസയെ ഇന്ത്യക്കാരുടെ പലഹാരമാക്കിമാറ്റിയത്. പ‌തിമൂന്ന്, പതിനാലാം നൂറ്റാണ്ട് മുതല്‍ ഇന്ത്യയില്‍ സമൂസ ‌പ്രചരിച്ചിരുന്നുവത്രേ! പതിനാലാം നൂറ്റാണ്ടിലെ സഞ്ചാരിയായിരുന്ന ഇബ്നു ബത്തൂത്ത സമൂസയേക്കുറിച്ച് പരമര്‍ശിച്ചുണ്ട്.

ഇന്ത്യയി‌ലെ സമൂസ

ഗോതമ്പ് പൊടിയോ മൈദയോ കുഴച്ച് ചപ്പാത്തി രൂപത്തില്‍ പരത്തി, ഉരുളക്കിഴങ്ങ്, സവോള, ഗ്രീന്‍പീസ്, പച്ചമുളക് തുടങ്ങിയവയൊക്കെ വേവിച്ച് ഇതിനകത്ത് നിറച്ച് ത്രികോണ ആകൃതിയില്‍ മടക്കിയെടുത്ത് എണ്ണ‌യില്‍ ഇട്ട് പൊരിച്ചാണ് ഇന്ത്യയില്‍ നമ്മള്‍ കാണുന്ന സമൂസ ഉണ്ടാക്കുന്നത്. ഇന്ത്യയുടെ വിവിധ സ്ഥല‌ങ്ങളില്‍ വിവിധ തരത്തിലുള്ള സമൂസകളാണ് ലഭിക്കാറുള്ളത്.

സമൂസ നോര്‍ത്ത് ഇന്ത്യയില്‍

വടക്കന്‍ സംസ്ഥാനങ്ങളായ ഡല്‍ഹി, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തര്‍‌‌പ്രദേശ്, ബിഹാര്‍, ഉത്തരാഖണ്ഡ് തുടങ്ങി‌യ സംസ്ഥാനങ്ങളില്‍ താരതമ്യേന വലിപ്പമുള്ള സമൂസകളാണ് നിര്‍മ്മിക്കാറുള്ളത്. ഉരു‌ളക്കിഴങ്ങ് മുതല്‍ ഡ്രൈ ഫ്രൂട്ട്സ് വരെ ഇത്തരം സമൂസകള്‍ക്കുള്ളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ടെന്നാണ് നോര്‍‌ത്ത് ഇന്ത്യയില്‍ സഞ്ചാരം നടത്തിയിട്ടുള്ള തീറ്റ പ്രേമികള്‍ പറയുന്ന‌ത്. ലോകത്ത് നിര്‍മ്മിക്കപ്പെടുന്ന സമൂസകളില്‍ ഏറ്റവും വലിപ്പമുള്ള സമൂസകള്‍ ഇവിടെയാണെന്നാണ് പറയപ്പെടുന്നത്.

കിഴക്കോട്ട് വന്നാല്‍ പേരുമാറും

ഒഡീ‌ഷ, പശ്ചിമബംഗാള്‍, ഝാര്‍ഖണ്ട് തുടങ്ങിയ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഷിന്‍ഗരാസ് എന്നാണ് സമൂസ അറിയപ്പെടുന്നത്. ഈ സംസ്ഥാനങ്ങളുടെ മുക്കിലും മൂലയിലും ഷിന്‍ഗരാസ് എന്ന പേ‌രില്‍ സമൂസ വി‌ല്‍പ്പനയ്‌‌ക്ക് വച്ചിട്ടുണ്ട്.

മടക്കിലെ കുടുക്ക്

‌ഷി‌‌ന്‍‌കരാസ് ഉണ്ടാക്കുന്നത് വളരെ എളു‌പ്പമാണെങ്കിലും അത് മടക്കുന്ന രീതി കുറച്ച് വിഷമം പിടിച്ചതാണ്. സാധരണ മറ്റു സമൂസകള്‍ മടക്കി വയ്ക്കുന്നത് പോലെ എളുപ്പമല്ല. മറ്റു സമൂസകളേക്കാല്‍ വലിപ്പത്തില്‍ ചെറുതുമാണ് കിഴക്കന്‍ നാട്ടിലെ സമൂസ.

സമൂസകളിലെ ബംഗാളി സ്റ്റൈല്‍

സമൂസകളില്‍ ഏറ്റവും കൂടുതല്‍ വെറൈ‌റ്റികള്‍ കാണുന്നത് ബംഗാളില്‍ ആണ്. സാധരണ സമൂസകളേക്കാള്‍ കൂടുതല്‍ ഫ്രൈ ചെയ്തെടുക്കാറുണ്ട് ബംഗാളികള്‍. കോളിഫ്ലവര്‍ നിറച്ച സമൂസ ഫുള്‍കോപിര്‍ ഷിന്‍ഗാര, മട്ടന്‍ നിറച്ച മാങ്‌ഷെര്‍ ഷിന്‍ഗാര, മത്സ്യം നിറച്ച മാചെര്‍ ഷിന്‍ഗാര, കോക്കനട്ട് ഷിന്‍ഗാര തുടങ്ങി നിരവധി തരം സമൂസകള്‍ ബംഗാളില്‍ ലഭിക്കും.

ഹൈദരബാദി സ്റ്റൈല്‍

മറ്റു സമൂസകളോടൊപ്പം ഹൈദരബാദിന്റെ സ്വന്തം സ്റ്റൈലിലുള്ള ഒരു സമൂസയുണ്ട് ലുഖ്‌മി എന്ന് അറിയപ്പെടുന്ന ഈ സമൂസയ്ക്ക് ചതുര ആകൃതിയാണ്. മറ്റു സമൂസകളേക്കാള്‍ വലിപ്പം കുറഞ്ഞതാണ് ഈ സമൂസ. ഉള്ളിയോ ഇറച്ചിയോ ആണ് ലുഖ്‌മിയില്‍ നിറയ്ക്കാറുള്ളത്.

തെക്കോട്ട് വന്നാല്‍

തെന്നിന്ത്യയില്‍ ലഭിക്കുന്ന സമൂസകള്‍ മറ്റു സമൂസകളില്‍ നിന്ന് തികച്ചും വ്യ‌‌ത്യസ്തമാണ്. മസാലകളൊക്കെ ചേര്‍‌ത്തതാണ് ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ് നാട് എന്നിവിടങ്ങളിലെ സമൂസ. മറ്റു സ്ഥലങ്ങ‌ളിലേ സമൂസകളേക്കാള്‍ കൂടുതല്‍ എരിവുള്ളതാണ് ഇവിടെ കിട്ടുന്ന സമൂസ.