ഐഎംഎ; മെഡിക്കല്‍ വിദ്യാര്‍ഥികള്‍ രാജ്ഭവനു മുന്നില്‍ നിരാഹാരം ആരംഭിച്ചു

തിരുവനന്തപുരം> രാജ്യത്തെ ആരോഗ്യമേഖലയെ 100 വര്‍ഷം പിന്നോട്ടടിക്കുന്ന പുതിയ ദേശീയ മെഡിക്കല്‍ ബില്ലിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് സംസ്ഥാന സെക്രട്ടറി ഡോ. സുള്‍ഫി നൂഹു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആദ്യഘട്ടമായി ബുധനാഴ്ച വൈകിട്ട് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ രാജ്ഭവനു മുന്നില്‍ നിരാഹാരം ആരംഭിച്ചു.
വ്യാഴാഴ്ച ബില്‍ രാജ്യസഭയിലും പാസായാല്‍ പണിമുടക്ക് ഉള്‍പ്പെടെയുള്ള സമരമുറകളും അനിശ്ചിതകാല നിരാഹാരവും ആരംഭിക്കും. ഐഎംഎ, കെജിഎംഒഎ, കെജിഎംസിടിഎ, പിജി അസോസിയേഷന് എന്നീ സംഘടനകള്‍ സമരത്തിന് ഐക്യദാര്‍ഢ്യമായി റിലെ സത്യഗ്രഹം നടത്തും.

വിദ്യാര്‍ഥികള്‍ ക്ലിനിക്കല്‍ പഠനം ഉള്‍പ്പെടെയുള്ള ക്ലാസുകള്‍ ബഹിഷ്കരിക്കും. സംസ്ഥാന പ്രസിഡന്റ് ഡോ. എം ഇ സുഗതന്, ഐഎംഎ നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ ചെയര്മാന് ഡോ. മാര്‍ത്താണ്ഡപിള്ള, സ്റ്റുഡന്‍സ് നെറ്റ്വര്‍ക്ക് നാഷണല്‍ കോ – ഓര്‍ഡിനേറ്റര്‍ ഡോ. ശ്രീജിത് എന്‍ കുമാര്‍, നെറ്റ്വര്‍ക്ക് വൈസ് പ്രസിഡന്റ് ഡോ. അജിത് പോള്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

