എംബിബിഎസ് പരീക്ഷാ ഫലം ചോര്‍ന്നതായി പരാതി

കണ്ണൂര്‍: ചൊവ്വാഴ്ച പ്രസിദ്ധീകരിക്കാനിരുന്ന എംബിബിഎസ് പരീക്ഷാ ഫലം ചോര്‍ന്നതായി പരാതി. 2012 എംബിബിഎസ് ബാച്ചിന്റെ പരീക്ഷാഫലമാണ് ചോര്‍ന്നത്. ഇതേ തുടര്‍ന്നു പരിയാരം സഹകരണ മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥികള്‍ ആരോഗ്യ സര്‍വകലാശാലയ്ക്കും മന്ത്രി കെ.കെ.ശൈലജയ്ക്കും പരാതി നല്കി.
ചൊവ്വാഴ്ചയാണ് ഫലം പ്രഖ്യാപിക്കുമെന്ന് അറിയിച്ചതെങ്കിലും തിങ്കളാഴ്ച വൈകിട്ടുതന്നെ സംസ്ഥാനത്തെ പ്രശസ്തമായ സ്വകാര്യ മെഡിക്കല്‍ കോളജിന്റെ വെബ് സൈറ്റില്‍ ഫലം പ്രസിദ്ധീകരിച്ചിരുന്നു. പരീക്ഷയില്‍ മെഡിക്കല്‍ കോളജിനു വന്‍ വിജയം എന്ന രീതിയില്‍ പ്രസിദ്ധീകരിച്ച ഫലം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വിദ്യാര്‍ഥികള്‍ പരാതിയുമായി രംഗത്തെത്തിയത്. ആരോഗ്യ സര്‍വകലാശാലയുടെ വെബ് സൈറ്റ് വഴിയാണ് ഫലം ചോര്‍ന്നതെന്നാണു സൂചന. ഒന്നിലേറെ പരീക്ഷകളുടെ ഫലം ഇത്തരത്തില്‍ ചോര്‍ന്നതായും സൂചനയുണ്ട്.

പരീക്ഷയുടെ ചോദ്യ പേപ്പറുകളും ഇത്തരത്തില്‍ ചോര്‍ന്നിരിക്കാമെന്നും ചില സ്വകാര്യ മെഡിക്കല്‍ കോളജുകളുടെ വിജയശതമാനം വലിയ തോതില്‍ ഉയരുന്നത് ഇങ്ങനെയാണെന്നുമാണ് വിദ്യാര്‍ഥികളുടെ ആരോപണം. അതേസമയം സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പോലീസില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കുമെന്നും ആരോഗ്യ സര്‍വകലാശാല പരീക്ഷാ കണ്ട്രോളര് അറിയിച്ചു.

