KOYILANDY DIARY

The Perfect News Portal

ഉത്തര്‍പ്രദേശ്‌- ഭക്തിയുടെയും തീര്‍ത്ഥാടനത്തിന്റെയും കളിത്തൊട്ടില്‍

എണ്ണമറ്റ വിനോദസഞ്ചാര സാധ്യതകളുടെ നാടാണ്‌ ഉത്തര്‍പ്രദേശ്‌. അതുകൊണ്ട്‌ തന്നെ ലോകമെമ്പാടുമുള്ള സഞ്ചാരികള്‍ ഇവിടേക്ക്‌ ഒഴുകിയെത്തുന്നു. താജ്‌മഹലിന്റെ നാട്‌, കഥക്കിന്റെ ജന്മദേശം, പുണ്യസ്ഥലമായ വാരാണസി ഉള്‍പ്പെടുന്ന സംസ്ഥാനം, ശ്രീകൃഷ്‌ണന്‍ പിറന്ന നാട്‌, ശ്രീബുദ്ധന്‍ ആദ്യമായി ധര്‍മ്മോപദേശം നല്‍കിയ സ്ഥലം എന്നിങ്ങനെ നീളുകയാണ്‌ ഉത്തര്‍പ്രദേശിന്റെ വിശേഷണങ്ങള്‍.ഉത്തര്‍പ്രദേശിന്‌ വടക്ക്‌ വശത്ത്‌ ഉത്തരാഖണ്ഡ്‌, ഹിമാചല്‍, നേപ്പാള്‍ എന്നിവ സ്ഥിതി ചെയ്യുന്നു.  തെക്ക്‌ വശത്ത്‌ മധ്യപ്രദേശുമായും കിഴക്ക്‌ വശത്ത്‌ ബീഹാറുമായും പടിഞ്ഞാറ്‌ വശത്ത്‌ ഹരിയാനയുമായും ഉത്തര്‍പ്രദേശ്‌ അതിര്‍ത്തി പങ്കിടുന്നു.

ഉത്തര്‍പ്രദേശിലെ പ്രധാന തീര്‍ത്ഥാടക കേന്ദ്രങ്ങള്‍

തീര്‍ത്ഥാടന വിനോദസഞ്ചാരത്തിന്റെ ഇന്ത്യയിലെ ഏറ്റവും പ്രമുഖ കേന്ദ്രമാണ്‌ ഉത്തര്‍പ്രദേശ്‌. പ്രധാനപ്പെട്ട നിരവധി തീര്‍ത്ഥാടക കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ആയിരക്കണക്കിന്‌ സഞ്ചാരികളാണ്‌ ഉത്തര്‍പ്രദേശ്‌ സന്ദര്‍ശിക്കാന്‍ എത്തുന്നത്‌. വാരാണസി, മുക്തിസ്ഥല എന്നിവ ഇവയില്‍ ചിലതാണ്‌.പരിപാവനമായ ഈ നാട്‌ വിഷ്‌ണു ഭക്തരുടെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടക കേന്ദ്രമാണ്‌. കാരണം ശ്രീകൃഷ്‌ണന്റെ ജന്മസ്ഥലമായ മഥുരയും ശ്രീരാമന്റെ ജന്മസ്ഥലമായ അയോദ്ധ്യയും സ്ഥിതി ചെയ്യുന്നത്‌ ഉത്തര്‍പ്രദേശിലാണ്‌. ശ്രീകൃഷ്‌ണനുമായി ബന്ധപ്പെട്ട വൃന്ദാവനം, ഗോവര്‍ദ്ധന്‍ എന്നിവിടങ്ങളിലേക്കും സഞ്ചാരികള്‍ ധാരാളമായി എത്തുന്നു. ശ്രീരാമന്റെ പുത്രന്മാരായ ലവകുശന്മാരുടെ ജന്മസ്ഥലമായ ബിത്തൂരും ഉത്തര്‍പ്രദേശില്‍ തന്നെ. ഭക്തിയുടെ വിവിധ തലങ്ങള്‍ കവിതകളിലൂടെ ആവിഷ്‌കരിച്ച സന്യാനിമാരായ കബീര്‍, തുളസിദാസ്‌, സൂര്‍ദാസ്‌ എന്നിവര്‍ക്ക്‌ ജന്മമേകാനും ഈ പുണ്യഭൂമിക്കായി.പുണ്യനദികളായ ഗംഗ, യമുന, സരസ്വതി എന്നിവയുടെ സംഗമ സ്ഥലമായ അലഹബാദും ഉത്തര്‍പ്രദേശിലാണ്‌. ഇന്ത്യയിലെ തന്നെ ഏറ്റവും പുരാതനമായ നഗരങ്ങളില്‍ ഒന്നായ ഇവിടെയാണ്‌ പ്രശസ്‌തമായ കുഭമേള നടക്കുന്നത്‌. കുഭമേളയില്‍ പങ്കെടുക്കുന്നതിനും ഭക്തിയുടെ കാഴ്‌ചകള്‍ ക്യാമറയില്‍ പകര്‍ത്തുന്നതിനുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ സഞ്ചാരികളും വിശ്വാസികളും ഇവിടെ എത്തുന്നു.ശ്രീബുദ്ധന്‍ ആദ്യമായി ധര്‍മ്മോപദേശം നല്‍കിയ സാരാനാഥ്‌, അശോക സ്‌തംഭം കാണപ്പെടുന്ന കൗസമ്പി എന്നീ പ്രശസ്‌ത സ്ഥലങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നു. അതുകൊണ്ട്‌ തന്നെ ഉത്തര്‍പ്രദേശ്‌ ബുദ്ധമത വിശ്വാസികളുടെയും പ്രധാന തീര്‍ത്ഥാടക കേന്ദ്രമാണ്‌. അശോക സ്‌തംഭം സ്ഥിതി ചെയ്യുന്ന കൗസമ്പിയിലെ സ്ഥലത്ത്‌ വച്ച്‌ ശ്രീബുദ്ധന്‍ നിരവധി പ്രഭാഷണങ്ങള്‍ നടത്തിയിട്ടുള്ളതായി പറയപ്പെടുന്നു. ശ്രീബുദ്ധന്‍ വളരെനാള്‍ കഴിച്ചുകൂട്ടിയ സരസ്വതി, അദ്ദേഹം മരിച്ച കുശിനഗര്‍ എന്നീ സ്ഥലങ്ങളും ഇവിടെ കാണാനാകും.പ്രഭാസ്‌ഗിരി ഹിന്ദുക്കള്‍ക്കും ജൈനന്മാര്‍ക്കും ഒരുപോലെ പ്രധാനപ്പെട്ട പുണ്യസ്ഥലമാണ്‌.പുരാണ ഗ്രന്ഥങ്ങളിലെല്ലാം ഉത്തര്‍പ്രദേശിനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാം. ഭാരതത്തിന്റെ ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും രചിക്കപ്പെട്ടതും ഇവിടെ വച്ചു തന്നെ.ചരിത്രം വിളിക്കുന്നു.ഉത്തര്‍പ്രദേശില്‍ സ്ഥിതി ചെയ്യുന്ന മനോഹരങ്ങളായ ചരിത്ര മന്ദിരങ്ങള്‍ കാണുന്നതിനായും വളരെയധികം സഞ്ചാരികള്‍ ഇവിടെ എത്തുന്നുണ്ട്‌. ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്‌മഹലിന്‌ പുറമെ ഝാന്‍സി, ലക്‌നൗ, മീററ്റ്‌, അക്‌ബര്‍ ചക്രവര്‍ത്തി നിര്‍മ്മിച്ച ഫത്തേപ്പൂര്‍സിക്രി, പ്രതാബ്‌ഗട്ട്‌, ബരബാങ്കി, ജാന്‍പൂര്‍,മഹോബ, ദെയൊഗട്ട്‌ എന്നീ സ്ഥലങ്ങളും ഉത്തര്‍പ്രദേശിന്റെ ചരിത്രത്തിലും സംസ്‌കാരത്തിലും നിര്‍ണ്ണായക സ്ഥാനമുള്ളവയാണ്‌.അലിഗഢ്‌ സര്‍വ്വകലാശാല സ്ഥിതി ചെയ്യുന്ന അലിഗഢ്‌ അറിയപ്പെടുന്ന ഒരു പഠനകേന്ദ്രമാണ്‌. വാരാണസി, ലക്‌നൗ, മീററ്റ്‌, ഝാന്‍സി, ഗാസിയാബാദ്‌, കാണ്‍പൂര്‍, ഖരഗ്‌പൂര്‍, നോയിഡ എന്നിവയാണ്‌ ഉത്തര്‍പ്രദേശിലെ മറ്റു പ്രമുഖ നഗരങ്ങള്‍

Advertisements

വന്യജീവികളും വനമേഖലയും

റായ്‌ബെറേലിയിലെ സമസ്‌പൂര്‍ പക്ഷിസങ്കേതം, ചമ്പല്‍ വന്യജീവി സങ്കേതം, ദുധുവാ ദേശീയ ഉദ്യാനം എന്നിവ ഉത്തര്‍പ്രദേശിലേക്ക്‌ പ്രകൃതി സ്‌നേഹികളെ ധാരാളമായി ആകര്‍ഷിക്കുന്നു. സംസ്‌കാരം, ആരാധനാ രീതികള്‍, ഭക്ഷണശീലങ്ങള്‍ഇന്ത്യയിലെ ഏറ്റവും പ്രശസ്‌തമായ നൃത്തരൂപങ്ങളില്‍ ഒന്നായ കഥക്‌ രൂപംകൊണ്ടത്‌ ഉത്തര്‍പ്രദേശിലാണ്‌. മറ്റു നാടുകളെ പോലെ ഉത്തര്‍പ്രദേശിനും തനതായ സംസ്‌കാരവും ജീവിത രീതികളുമുണ്ട്‌. ഗ്രാമങ്ങളിലും മറ്റും നിലനില്‍ക്കുന്ന പാട്ടുകളില്‍ നിന്നും നൃത്തത്തില്‍ നിന്നും ഇവ നമുക്ക്‌ വായിച്ചെടുക്കാനാവും.ഹാന്‍ഡ്‌ പ്രിന്റിംഗ്‌, കാര്‍പ്പെറ്റ്‌ നിര്‍മ്മാണം, ലോഹം പൂശല്‍, ചിത്രത്തുന്നല്‍ മുതലായ കരകൗശല വിദ്യകള്‍ക്കും ഉത്തര്‍പ്രദേശ്‌ പ്രശസ്‌തമാണ്‌.ലോകപ്രശസ്‌തമായ ചികാന്‍ എംബ്രോയഡറിയും ഈ നാടിന്റെ പ്രശസ്‌തി മുക്കിലും മൂലയിലും എത്തിക്കുന്നു. ഉത്തര്‍പ്രദേശിന്റെ സംസ്‌കാരത്തില്‍ ഹിന്ദു- മുഗള്‍ സംസ്‌കാരങ്ങളുടെ ഹൃദയത്തുടിപ്പുകള്‍ കാണാനാകും. ഇവിടെ കാണുന്ന ചിത്രസ്‌മാരകങ്ങളും ഇവിടുത്തെ ജനങ്ങളുടെ ഭക്ഷണരീതിയും ഈ സംസ്‌കാര സമ്മേളനത്തിന്റെ ഏറ്റവും നല്ല ഉദാഹരണങ്ങളാണ്‌. അവധ്‌ പാചകരീതി, കബാബ്‌, ദം ബിരിയാണി മുതലായ വിഭവങ്ങള്‍ സഞ്ചാരികള്‍ക്ക്‌ ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരിക്കും.ഉത്തര്‍പ്രദേശിന്റെ തനത്‌ രുചികളായ ചാട്‌സ്‌, സമോസ, പകോറ തുടങ്ങിയവയും ഇന്ന്‌ രാജ്യത്താകമാനം പ്രശസ്‌തമാണ്‌.അതെ, ഒരു സഞ്ചാരിക്ക്‌ ഉത്തര്‍പ്രദേശ്‌ സന്ദര്‍ശിക്കുന്നതിന്‌ കാരണങ്ങള്‍ ഏറെയാണ്‌.