ഇന്ന് നാമറിയാതെ അടിയന്തരാവസ്ഥയെക്കാള്‍ വലിയ അപകടങ്ങളാണ് ഉണ്ടാകുന്നത്: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

കോഴിക്കോട്: അടിയന്തരാവസ്ഥയെക്കാള്‍ വലിയ അപകടാവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അഭിപ്രായപ്പെട്ടു. ജനതാദള്‍ (എസ്). സംസ്ഥാന പ്രസിഡന്റായി നിയമിതനായ സി.കെ. നാണു എം.എല്‍.എ.ക്ക് ജില്ലാകമ്മിറ്റി നല്കിയ സ്വീകരണം സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അടിയന്തരാവസ്ഥ നടപ്പാക്കുന്നത് അറിയാമായിരുന്നു. ഇന്ന് നാമറിയാതെ അടിയന്തരാവസ്ഥയെക്കാള്‍ വലിയ അപകടങ്ങളാണ് ഉണ്ടാകുന്നത്. അതിനെതിരേ ശക്തമായ ചെറുത്തുനില്പ് ആവശ്യമാണ്. ഭരണഘടനാ സ്ഥാപനങ്ങളെ മുഴുവന്‍ വരുതിയില്‍നിര്‍ത്തുകയും തകര്‍ക്കുകയും ചെയ്യുകയാണ്.

സുപ്രീംകോടതി, തിരഞ്ഞെടുപ്പ് കമ്മിഷന്, സി.ബി.ഐ., വിജിലന്‍സ് കമ്മിഷന് തുടങ്ങിയവയൊക്കെ നിഷ്പക്ഷമായാണോ പ്രവര്‍ത്തിക്കുന്നത് എന്ന സംശയമാണ് ഉയരുന്നത്.കൃഷി, പാലുത്പാദനം, കച്ചവടം തുടങ്ങിയ മേഖലകളിലെല്ലാം സാധാരണക്കാരെയും ചെറുകിടക്കാരെയും തകര്‍ക്കുന്ന നയങ്ങളാണ് നടപ്പാക്കുന്നത്. ഇതിന്റെ ഇരകളെ സംഘടിപ്പിച്ചുകൊണ്ട് അടിയന്തരാവസ്ഥയിലെന്നപോലെ ശക്തമായ ചെറുത്തുനില്പ് നടത്തേണ്ടതുണ്ട്. -മന്ത്രി പറഞ്ഞു.

ജനതാദള്‍ എസ്. ജില്ലാപ്രസിഡന്റ് കെ. ലോഹ്യ അധ്യക്ഷനായി. സി.കെ. നാണു എം.എല്‍.എ., കാഞ്ഞിക്കാവ് കുഞ്ഞിക്കൃഷ്ണന്, മുഹമ്മദ്ഷാ, പി.ടി. ആസാദ്, കെ.പി. അബൂബക്കര്‍, കെ.എന്‍. അനില്‍കുമാര്‍, ടി.കെ. ഷെരീഫ്, സഫറുള്ള, മഠത്തില്‍ സാദിഖലി തുടങ്ങിയവര്‍ സംസാരിച്ചു.

