അമ്പലവയലില്‍ യുവാവിനും യുവതിക്കും മര്‍ദ്ദനമേറ്റ സംഭവം: രണ്ടാം പ്രതി അറസ്റ്റില്‍

കല്പറ്റ: വയനാട് അമ്പലവയലില്‍ തമിഴ്നാട് സ്വദേശികളായ യുവാവിനും യുവതിക്കും മര്‍ദ്ദനമേറ്റ സംഭവത്തില്‍ മുഖ്യപ്രതി സജീവാനന്ദെന്റ കൂട്ടാളി അറസ്റ്റില്‍. കേസിലെ രണ്ടാം പ്രതിയായ വിജയകുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അമ്പലവയലില്‍ ലോഡ്ജ് നടത്തിയിരുന്ന വിജയകുമാറിനെ തിരുവനന്തപുരം നേമത്തുനിന്നാണ് പൊലീസ് പിടികൂടിയത്.
വിജയകുമാര്‍ നടത്തിയിരുന്ന ലോഡ്ജില്‍ വച്ചാണ് യുവതിയും യുവാവും സദാചാര ഗുണ്ടായിസത്തിന് ഇരയായത്. സജീവാനന്ദനൊപ്പം ഇയാള്‍ ലോഡ്ജിലെത്തി യുവതിയെ ശല്യം ചെയ്തെന്നാണ് കേസ്.

ഊട്ടി സ്വദേശിയായ യുവാവും കോയമ്പത്തൂര്‍ സ്വദേശിയായ യുവതിയും അമ്പലവയലില്‍ എത്തി ലോഡ്ജില്‍ താമസിക്കുമ്പോള്‍ സജീവാനന്ദനും വിജയകുമാറും ഉള്‍പ്പെടെ മൂന്നുപേര്‍ ഇവരുടെ മുറിയിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. തുടര്‍ന്ന് ഇരുവരോടും അപമര്യാദയായി പെരുമാറി. എതിര്‍ത്തതോടെ ബഹളമാവുകയും ലോഡ്ജ് ജീവനക്കാര്‍ യുവതിയെയും യുവാവിനെയും ഇറക്കിവിടുകയുമായിരുന്നു.

ഇവരെ പിന്തുടര്ന്ന് കവലയില്‍ വെച്ച് മര്‍ദിക്കുമ്പോള്‍ സജീവാന്ദനൊപ്പം വിജയകുമാറും ഉണ്ടായിരുന്നതായി യുവതി മൊഴി നല്‍കിയിട്ടുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ കഴിഞ്ഞ ദിവസമാണ് കുമാറിനെയും മറ്റൊരാളെയും പ്രതിചേര്‍ത്തത്.

അതേസമയം, കേസിലെ മുഖ്യപ്രതി കൂടിയായ സജീവാനന്ദന് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. സജീവാനന്ദെന്റ മുന്‍കൂര്‍ ജാമ്യാപേക്ഷ കല്പറ്റ ജില്ല സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. യുവതിയുടെയും യുവാവിെന്റയും രഹസ്യമൊഴിയെടുക്കാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
