അമൃതവിദ്യാലയം-കുറുവങ്ങാട് കനാൽ റോഡ് ഗതാഗതയോഗ്യമാക്കണം: നാട്ടുകാർ
കൊയിലാണ്ടി: അമൃതവിദ്യാലയം – കുറുവങ്ങാട് കനാൽ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. മുത്താമ്പി റോഡിനെയും അണേല റോഡിനെയും എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. 650 മീറ്റർ മാത്രം നീളമുള്ള റോഡിന് 5 മീറ്ററിലധികം വീതിയുണ്ട്. എന്നാൽ വര്ഷങ്ങളായി റോഡ് ഗതാഗത യോഗ്യമാക്കാൻ നാട്ടുകാർ നിരന്തരം ആവശ്യപ്പെടുകയാണ്. എന്നാൽ അധികാരകിൾ വിഷയത്തിൽ മൌനം പാലിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. മഴക്കാലമായാൽ ചളിയും കുഴികളുമായി കാൽനടയാത്ര പോലും ഇതിലൂടെ ദുഷ്കരമാണ്. ബൈക്കുകൾ പലപ്പോഴും അപകടത്തിൽപ്പെടുന്നത് ഇവിടെ പതിവാണ്.
അമൃതവിദ്യാലയം, കുറുവങ്ങാട് സെൻട്രൽ സ്കൂൾ, ഹോമിയോ ആശുപത്രി, ഗവർമെൻ്റ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ, ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ എന്നീ പ്രധാനപ്പെട്ട സ്ഥാപനങ്ങളിലേക്ക് പോകുന്ന നിരവധി പേർ ഉപയോഗിക്കുന്ന റോഡായിട്ടും അവഗണന തുടരുകയാണെന്ന് നാട്ടുകാർ പറയുന്നു. ഈ റോഡ് യഥാർത്യമായാൽ മുത്താമ്പി റോഡിൽ നിന്നും കുറുവങ്ങാട്, മേലൂർ വഴി ചേലിയ റോഡിൽ കയറി ദേശീയപാത കയറാതെ ചെങ്ങോട്ട്കാവ് ടൗണിൽ എളുപ്പത്തിൽ എത്താം. കൂടാതെ ദേശീയപാതയിൽ ഗതാഗതകുരുക്ക് ഉണ്ടാകുമ്പോൾ മിനിബൈപാസ്സ് ഉപയോഗിക്കുകയും ചെയ്യാം.
നിലവിൽ കുറുവങ്ങാട് മുതൽ മേലൂർ വരെ നേരത്തെ ടാറിംഗ് പ്രവൃത്തി പൂർത്തായാക്കിയതാണ്. മേലൂർ മുതൽ ചേലിയ റോഡ് വരെ കെ. ദാസൻ MLA യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം ചിലവഴിച്ചുള്ള നിർമ്മാണവും കഴിഞ്ഞ ആഴ്ച പൂർത്തീകരിച്ചു കഴിഞ്ഞു. 650 മീറ്റർ മാത്രമുള്ള നഗരസഭ പരിധിയിൽ ഉള്ള ഈ റോഡ് പൂർത്തിയാക്കാൻ നഗരസഭാ ചെയർമാനും, എം.എൽ.എ, എം.പിയും ഇടപെട്ട് അടിയന്തരമായി പദ്ധതി യാഥാർഥ്യ മാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
Attachments area
