അഭയകേന്ദ്രത്തില്‍ നിന്ന് അവരെത്തി പരബ്രഹ്മത്തെ കാണുവാന്‍ ഓച്ചിറ സന്നിധിയില്‍

ഹരിപ്പാട്: അഭയകേന്ദ്രത്തില്‍ നിന്ന് അവരെത്തി പരബ്രഹ്മത്തെ കാണുവാന്‍ ഓച്ചിറ സന്നിധിയില്‍ . ഹരിപ്പാട് ആയാപറമ്പ് ഗാന്ധിഭവന്‍ സ്‌നേഹവീട്ടിലെ ഇരുപതോളം കുടുംബാംഗങ്ങള്‍ ആണ് ഓച്ചിറ അമ്പലത്തില്‍ ദര്‍ശനം നടത്തിയത്. വൃശ്ചിക മാസം ആരംഭിച്ചതറിഞ്ഞ ഗാന്ധിഭവന്‍ കുടുംബാംഗങ്ങളുടെ ആഗ്രഹമായിരുന്നു ഓച്ചിറയില്‍ എത്തിയതോടെ പൂവണിഞ്ഞത്.
പന്ത്രണ്ട് വിളക്ക് വരെ തിരക്കായതിനാലാണ് തിങ്കളാഴ്ച രാവിലെ ആദിവാസികളെ എത്തിച്ചത്. ദര്‍ശനവും, വഴിപാടുകളും നടത്തി തങ്ങള്‍ക്കാവശ്യമായ ഉത്സവപറമ്പിലെ സാധനങ്ങളും വളകളും, കമ്മലും, പൊരിയും മലരും ഒക്കെ വാങ്ങി വൃശ്ചികം ആഘോഷിച്ച സന്തോഷത്തിലാണ് ആദിവാസികള്‍ മടങ്ങിയത്.

ജീവിതത്തിലെ ആഗ്രഹങ്ങള്‍ സാധിച്ച അന്തേവാസികള്‍ തങ്ങളെ ഒറ്റപ്പെടുത്തിയ ബന്ധുക്കള്‍ക്കും മക്കള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാനും മറന്നില്ല . സ്‌നേഹവീട് ഡയറക്ടര്‍ മുഹമ്മദ് ഷമീറിന്റെ നേതൃത്വത്തിലാണ് കുടുംബാംഗങ്ങള്‍ എത്തിയത്. എല്ലാ മാസവും ഗാന്ധിഭവന്‍ കുടുംബാംഗങ്ങള്‍ ആരാധനാലയങ്ങള്‍, സിനിമ തീയേറ്റര്‍, ബീച്ച് എന്നിവിടങ്ങളില്‍ സന്ദര്‍ശിക്കാന്‍ പോകാറുണ്ട്.

കഴിഞ്ഞ മാസം കായംകുളം കൊച്ചുണ്ണി സിനിമ കാണാന്‍ പോയതും കൗതുകമായിരുന്നു. ഓച്ചിറയില്‍ കുടുംബാംഗങ്ങളെ സ്വീകരിക്കാന്‍ സാമൂഹിക പ്രവര്‍ത്തകരായ അബ്ബ മോഹന്‍, സിദ്ദിഖ് മംഗലശ്ശേരി എന്നിവര്‍ ഉണ്ടായിരുന്നു.

